ചിങ്ങവനം : ലോക്ക്ഡൗൺ കാലത്ത് സേവന പ്രവർത്തനങ്ങൾക്കായി തയ്യാറാക്കിയ വാഹനത്തിൽ മദ്യക്കുപ്പികൾ തിരുകിക്കയറ്റി വിറ്റെന്ന് ആരോപിച്ച് നേതാവിനെതിരെ ബി.ജെ.പി, ആർ.എസ്.എസ് നേതൃത്വത്തിന് പരാതി. ബി.ജെ.പി കോട്ടയം മണ്ഡലത്തിന്റെ പ്രധാന ഭാരവാഹിക്കെതിരെയാണ് പരാതി. ഒരാഴ്ച മുൻപാണ് ചിങ്ങവനത്തെ ഒരു വിഭാഗം പ്രവർത്തകർ പരാതിയുമായി നേതൃത്വത്തെ സമീപിച്ചത്. ബിവറേജസ് ഔട്ട്ലെറ്റുകൾ അടച്ചസമയത്തായിരുന്നു മദ്യവില്പന. പ്രദേശത്തെ ബാറുമായി ചേർന്നായിരുന്നു മദ്യക്കടത്ത്. ഇവിടെ നിന്ന് എത്തിച്ച മദ്യക്കുപ്പികൾ ഇയാളുടെ നേതൃത്വത്തിൽ വാഹനത്തിലെത്തിച്ച് മറിച്ച് വിൽക്കുകയായിരുന്നു. സേവനപ്രവർത്തനങ്ങളുടെ ഭാഗമായുള്ള വാഹനമായതിനാൽ ലോക്ക്‌ഡൗണിന്റെ ഭാഗമായുള്ള പരിശോധനയുമില്ലായിരുന്നു. സംശയം തോന്നിയ പ്രവർത്തകർ രഹസ്യമായി നിരീക്ഷിച്ചപ്പോഴാണ് വാഹനത്തിലെ മദ്യക്കടത്ത് കണ്ടുപിടിച്ചത്. തുടർന്ന് പരാതി നൽകാൻ തീരുമാനിച്ചെങ്കിലും ഒരുവിഭാഗം ഇടപെട്ട് തടഞ്ഞു. മറുവിഭാഗത്തിന്റെ പിന്തുണയിൽ കഴിഞ്ഞയാഴ്ചയാണ് പരാതി നൽകിയത്. സംഭവം സംഘടനയ്ക്ക് അവമതിപ്പുണ്ടാക്കിയെന്നും കടുത്ത നടപടിവേണമെന്നുമുള്ള നിലപാടാണ് ആർ.എസ്.എസിന്.