pipe

കുമ്മനം : തൊണ്ടമ്പ്രാലിൽ യാത്രക്കാർക്ക് അപകടഭീഷണി ഉയർത്തി ട്രാൻസ്‌ഫോമറും വാട്ടർഅതോറിറ്റിയുടെ ജല വിതരണ പൈപ്പും. ഇല്ലിക്കൽ - കുഴിത്താർ റോഡ് ട്രാൻസ്‌ഫോമറിനോട് വളരെ ചേർന്നാണ് ടാർ ചെയ്‌തിരിക്കുന്നത്. അതിനാൽ സംരക്ഷവേലിയും സ്ഥാപിക്കാനാകുന്നില്ല. വാഹനങ്ങൾ അരികിലേയ്‌ക്ക് ചേർന്നു സഞ്ചരിച്ചാൽ അപകടസാദ്ധ്യതയേറെയാണ്. നിരവധി കാൽനടയാത്രക്കാരും ഇതുവഴി കടന്നു പോകുന്നുണ്ട്. ഫെൻസിംഗ് സ്ഥാപിക്കാൻ സ്ഥലപരിമിതിമുള്ളതിനാൽ ട്രാൻസ്‌ഫോമർ റോഡിൽ നിന്ന് അല്പം ഇറക്കി സ്ഥാപിക്കേണ്ടി വരും.

തൊണ്ടമ്പ്രാൽ പാലത്തിൽ നിന്ന് കൈവരിയിലൂടെ തൂങ്ങി താഴേയ്‌ക്കു കിടക്കുന്ന പൈപ്പ് ലൈനുകൾ ഏതു നിമിഷവും താഴെ വീഴാവുന്ന അവസ്ഥയിലാണ്. ആറ്റിലെ ജലനിരപ്പിൽ നിന്ന് ഏകദേശം രണ്ട് മീറ്ററോളം ഉയരത്തിലാണ് പൈപ്പ് കിടക്കുന്നത്. ജലനിരപ്പ് ഉയർന്നാൽ ശക്തമായ ഒഴുക്കിൽ പൈപ്പ് ലൈനും , പാലത്തിന്റെ കൈവരിയ്ക്കും നാശം സംഭവിക്കാനിടയുണ്ട്.

പൈപ്പ് ലൈനും ട്രാൻസ്ഫോമറും മാറ്റി സ്ഥാപിക്കുന്നതിനും അപകടം ഒഴിവാക്കുന്നതിനും നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വാട്ടർ അതോറട്ടിയിലും കെ.എസ് ഇ ബിയിലും പരാതി നൽകിയിട്ടുണ്ട്.

റൂബി ചാക്കോ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്