വൈക്കം : മഴ ശക്തി പ്രാപിക്കുന്നതിന് മുൻപെ വടയാറിൽ മൂവാറ്റുപുഴയാറിന്റെ തീരം ഇടിഞ്ഞുതാഴ്ന്നത് നിരവധി കുടുംബങ്ങളെ ഭീതിയിലാഴ്ത്തുന്നു. വഴിയടക്കം പുഴയെടുത്തതോടെ പ്രദേശത്തെ 20 ലധികം കുടുബങ്ങളാണ് ദുരിതത്തിലായത്. രോഗികളെയടക്കം വാഹനങ്ങളിൽ ആശുപത്രിയിലെത്തിക്കാൻ ഇതുമൂലം ബുദ്ധിമുട്ടിലായിരിക്കുകയാണ്.
ഉദയനാപുരം പടിഞ്ഞാറെക്കരയിലെ മനക്കൽ കുറുന്തറ റോഡിന്റെ 50 മീറ്ററോളം ഭാഗമാണ് കഴിഞ്ഞ ദിവസം ഇടിഞ്ഞത്. കുട്ടികളടക്കം നടന്നു പോകുന്ന വഴിയിൽ സംഭവ സമയത്ത് ആരും ഇല്ലാതിരുന്നതിനാലാണ് ദുരന്തം ഒഴിവായത്. 5 മീറ്റർ വീതിയിൽ റോഡ് പുഴയെടുത്തിട്ടുണ്ട്. കൂടുതൽ ഭാഗത്ത് വിള്ളൽ വീണതോടെ ഏതു നിമിഷവും റോഡ് കൂടുതൽ ഇടിയുമെന്ന നിലയിലാണ്. സമീപത്തെ പത്മാലയത്തിൽ ചന്ദ്രചൂഡന്റെ വീടും അപകടാവസ്ഥയിലായി. പ്രദേശത്തെ കുടിവെള്ള പൈപ്പുകളടക്കം കടന്നു പോകുന്നത് ഈ റോഡിലൂടെയാണ്. വരുംദിവസങ്ങളിൽ കുടിവെള്ളവും മുട്ടുമോയെന്ന ഭീതിയിലാണ് നാട്ടുകാർ.
അധികൃതരുടെ അനാസ്ഥയെന്ന്
ഒരു പതിറ്റാണ്ടു മുൻപാണ് പുഴയോരത്തെ ബണ്ട് ഇവിടെ വഴിയാക്കി മാറ്റിയത്. പുഴ വളഞ്ഞൊഴുകുന്ന ഇവിടെ അപകട ഭീഷണി ഉണ്ടായിട്ടും സുരക്ഷയൊരുക്കാത്തതാണ് തീരമിടിയാൻ കാരണമെന്ന് പ്രദേശവാസികൾ പറയുന്നു. ഈ ഭാഗത്ത് ഒഴുക്കിന്റെ ശക്തി കുറയ്ക്കാനുള്ള മുട്ടുകൾ സ്ഥാപിക്കുകയും തീരംകല്ല് കെട്ടി സംരക്ഷിക്കുകയും ചെയ്തില്ലെങ്കിൽ കാലവർഷത്തിൽ വലിയ നാശ നഷ്ടമുണ്ടാകാൻ സാദ്ധ്യത ഏറെയാണ്. പ്രളയകാലത്തും കഴിഞ്ഞ വെള്ളപ്പൊക്കത്തിലും ഏറെ നാശനഷ്ടങ്ങൾ ഇവിടെ നേരിട്ടിരുന്നു.
ഇടിഞ്ഞത് മനക്കൽ കുറുന്തറ റോഡ്
5 മീറ്റർ വീതിയിൽ റോഡ് പുഴയെടുത്തു
കുടിവെള്ള പൈപ്പുകൾ കടന്നു പോകുന്നു