കോട്ടയം: വനംവകുപ്പിന്റെ പാറമ്പുഴ ഡിപ്പോയിൽ വിരിഞ്ഞ കുഞ്ഞൻ അതിഥികളുടെ പരിചരണത്തിലാണ് ഇപ്പോൾ വനംവകുപ്പ് ഉദ്യോഗസ്ഥർ. കുപ്പിയിൽക്കിടക്കുന്ന പെരുമ്പാമ്പിൻ കുഞ്ഞുങ്ങളിൽ ഇരട്ടയുമുണ്ട്.

ഒരു മാസം മുൻപ് ചങ്ങനാശേരി ഭാഗത്ത് നിന്നാണ് തള്ളപ്പാമ്പിനെ കിട്ടിയത്. 22 മുട്ടകളിട്ട പാമ്പിനെ പമ്പയിലെ വനത്തിൽ കൊണ്ടുവിട്ടു. പിന്നെ കുട്ടികൾക്കായി കട്ടവെയ്റ്റിംഗ്. രണ്ട് മാസത്തോളമെടുത്തു കുട്ടിപ്പാമ്പുകൾ പുറത്തുവരാൻ. കഴിഞ്ഞ ദിവസം രാത്രി മുതൽ ഇന്നലെ ഉച്ചയോടെ വരെ നീണ്ട മണിക്കൂറുകൾക്കുള്ളിൽ 22 മുട്ടയും പൊട്ടി. ഒരു മുട്ടയിൽ നിന്ന് ഇരട്ടകൾ പിറന്നപ്പോൾ മൊത്തെ 23 പേർ!

ഒരാഴ്ച ഇവിടെ പരിചരിച്ച ശേഷം തള്ളയെ വിട്ട അതേ സ്ഥലത്ത് ഇവരെയും അയയ്ക്കും. ചില്ല് കൂട്ടിൽ കഴിയുന്ന നവജാത ശിശുക്കൾക്ക് പല്ലിയും പാറ്റയുമാണ് പ്രധാന ആഹാരം. ചുവരിൽ നിന്ന് പല്ലിയെ പിടിച്ചുകൊടുക്കുന്നത് ഉദ്യോഗസ്ഥർക്കും ഒരു രസം.