ചങ്ങനാശേരി : കുറിച്ചി ഗ്രാമപഞ്ചായത്തിലെ 10, 13 വാർഡുകളിലായി സ്ഥിതി ചെയ്യുന്ന ചാലച്ചിറ പമ്പുഹൗസ്-പൊടിപ്പാറ റോഡിലെ വെള്ളക്കെട്ടിന് പരിഹാരം. മഴക്കാലമായാൽ ഉയർന്ന പ്രദേശങ്ങളിൽ നിന്ന് ഒഴുകിയെത്തുന്ന വെള്ളം ചാലച്ചിറ തോട്ടിലേക്ക് ഒഴുകിപ്പോകാതെ റോഡിൽ കെട്ടിക്കിടക്കുകയായിരുന്നു. ഇതോടെ ഇതുവഴിയുള്ള യാത്ര ദുഷ്ക്കരമായിരുന്നു. സമീപത്തുള്ള ഓട മണ്ണടിഞ്ഞ് കിടക്കുന്നതായിരുന്നു വെള്ളം കെട്ടിക്കിടക്കാൻ കാരണം. കൂടാതെ സമീപപ്രദേശങ്ങളിൽ മതിൽ നിർമ്മിച്ചപ്പോഴുണ്ടായ തടസങ്ങളും വെള്ളത്തിന്റെ ഒഴുക്കിനെ സാരമായി ബാധിച്ചു. ഇത്തിത്താനം ഹയർ സെക്കൻഡറി സ്‌കൂൾ, പൊടിപ്പാറ തിരുഹൃദയദേവാലയം, ഇത്തിത്താനം സർവീസ് സഹകരണബാങ്ക് തുടങ്ങിയ സ്ഥാപനങ്ങളിലേക്കുള്ള എളുപ്പമാർഗ്ഗമാണ് റോഡ്. സി.പി.എം ചാലച്ചിറ ബ്രാഞ്ചിന്റെ മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഓട വൃത്തിയാക്കി വെള്ളക്കെട്ട് ഒഴിവാക്കിയത്.