ചങ്ങനാശേരി : സംസ്ഥാന സർക്കാർ കൊവിഡിന്റെ മറവിൽ വൈദ്യുതി ബില്ലിൽ തീവെട്ടിക്കൊള്ള നടത്തുകയാണെന്ന് കോൺഗ്രസ് നിയമസഭ കക്ഷി ഉപനേതാവ് കെ.സി.ജോസഫ് എം.എൽ.എ പറഞ്ഞു. ജനങ്ങൾക്ക് ഇരട്ടി പ്രഹരമാണ് ഏൽപ്പിച്ചിരിക്കുന്നത്. നാല് വർഷം ഭരണം പൂർത്തിയാക്കുന്ന സർക്കാർ കേരള ജനതയ്ക്ക് ദുരിതങ്ങൾ മാത്രമാണ് സമ്മാനിച്ചതെന്നും കോൺഗ്രസിന്റെ നേതൃത്വത്തിൽ ചങ്ങനാശേരി ഇലക്ട്രിസിറ്റി സെക്ഷൻ ഓഫീസിന് മുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു. ബ്ലോക്ക് പ്രസിഡന്റ് ആന്റണി കുന്നുംപുറം അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി പി.എസ്.രഘുറാം, യു.ഡി.എഫ് ജില്ലാ കൺവീനർ ജോസി സെബാസ്റ്റ്യൻ, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ പി.എച്ച്.നാസർ, രാജീവ് മേച്ചേരി, പി.എൻ.നൗഷാദ്, പി.എം. ഷെഫീക്ക്, ജിൻസൺ മാത്യു, സിയാദ് അബ്ദുറഹ്മാൻ, ബാബു തോമസ് എന്നിവർ പങ്കെടുത്തു.