വൈക്കം : ഇന്ന് ആരംഭിക്കുന്ന എസ്.എസ്.എൽ.സി പരീക്ഷയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സി.കെ.ആശ എം.എൽ.എ അറിയിച്ചു. വൈക്കം ഉൾപ്പെടുന്ന കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിൽ 3353 വിദ്യാർത്ഥികളാണ് ഇക്കുറി പരീക്ഷ എഴുതുന്നത്. 16 സർക്കാർ സ്‌കൂളുകളും 24 എയ്ഡഡ് സ്‌കൂളുകളും 2 അൺ എയ്ഡഡ് സ്‌കൂളുകളും ഉൾപ്പെടെ ആകെ 42 പരീക്ഷാകേന്ദ്രങ്ങളാണുള്ളത്. വൈക്കം ഉൾപ്പെടുന്ന വിദ്യാഭ്യാസ ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷ എഴുതുന്നത് ആശ്രമം ഹൈസ്‌കൂളിലാണ്. 243 വിദ്യാർത്ഥികൾ. പരീക്ഷയ്ക്ക് മുന്നോടിയായി പരീക്ഷാകേന്ദ്രങ്ങൾ പൂർണ്ണമായും അണുവിമുക്തമാക്കി. എല്ലാ പരീക്ഷാകേന്ദ്രങ്ങളിലും തെർമൽ സ്‌കാനിംഗിൽ വിദ്യാർത്ഥികളെ പരിശോധിപ്പിച്ചതിന് ശേഷമായിരിക്കും പരീക്ഷാഹാളിൽ പ്രവേശിപ്പിക്കുക. അദ്ധ്യാപകരുൾപ്പെടെ മുഴുവൻ ജീവനക്കാർക്കും ഹാൻഡ് ഗ്ലൗസ് ഉൾപ്പെടെയുള്ള സുരക്ഷാ ഉപകരണങ്ങൾ സ്‌കൂളുകളിൽ ഇതിനകം എത്തിച്ചിട്ടുണ്ട്.

സ്‌പെഷ്യൽ ബോട്ട് സർവീസീ
ചേർത്തല താലൂക്കിൽ നിന്ന് വൈക്കത്ത് പരീക്ഷയെഴുതാൻ എത്തുന്ന വിദ്യാർത്ഥികൾക്കായി സ്‌പെഷ്യൽ ബോട്ട് സർവീസുണ്ട്. രാവിലെ 7.30 മുതൽ 9.30 വരെയും ഉച്ചയ്ക്ക് 12 മുതൽ 2 വരെയും വൈകിട്ട് 4 മുതൽ 6 വരെയുമാണ് സർവീസ്. വിദ്യാർത്ഥികൾക്കും പരീക്ഷാഡ്യൂട്ടിയുള്ള അദ്ധ്യാപകർക്കും മാത്രമാണ് യാത്രാനുമതിയുള്ളത്.