കോട്ടയം: ഇന്നാരംഭിക്കുന്ന എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് ജില്ലയിലെ 288 കേന്ദ്രങ്ങൾ ഒരുങ്ങി. എസ്.എസ്.എൽ.സിക്ക് 257 കേന്ദ്രങ്ങളിലായി 19902 വിദ്യാര്‍ത്ഥികളും വി.എച്ച്.എസ്.സിക്ക് 31 കേന്ദ്രങ്ങളിലായി 3531 വിദ്യാര്‍ത്ഥികളുമാണ് ജില്ലയിൽ പരീക്ഷ എഴുതുന്നത്. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 131 കേന്ദ്രങ്ങളില്‍ നാളെ മുതല്‍ പരീക്ഷ നടക്കും.

തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായതായി വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ചുമതല വഹിക്കുന്ന ടി.കെ. രാജും പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ.ജെ. പ്രസാദും അറിയിച്ചു.

എല്ലാ സ്കൂളുകളിലെയും പരീക്ഷാഹാളുകളും പരിസരവും അണുവിമുക്തമാക്കി. പരീക്ഷാ ദിവസങ്ങളില്‍ രാവിലെയും ഉച്ചയ്ക്കും പരീക്ഷാ ഹാളുകളിലെ വസ്‌തുക്കൾ അണുവിമുക്തമാക്കും. ഒരു ഹാളിൽ 20 വിദ്യാർത്ഥികളെ മാത്രമേ ഇരുത്തൂ.ഇൻഫ്രാറെഡ് തേർമോമീറ്റർ ഉപയോഗിച്ച് പനി പരിശോധിച്ച ശേഷമേ സ്‌കൂളിലേയ്‌ക്കു പ്രവേശനം അനുവദിക്കൂ. നിര്‍ബന്ധമായും മാസ്ക് ധരിക്കണം. 27 റൂട്ടുകളില്‍ കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസ് നടത്തും. പരീക്ഷാ ഹാളിൽ മുൻകരുതൽ നിർദേശങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്.