buffalo

കോട്ടയം: പാടത്ത് തീറ്റാനായി വിട്ടിരുന്ന രണ്ടു പോത്തുകളെ ഉടമയറിയാതെ അയൽവാസികൾ കശാപ്പുകാർക്ക് വിറ്റു. വിവരം അറിഞ്ഞ് പോത്തുകളുടെ ഉടമ പൊലീസിനെ സമീപിച്ചതോടെ പ്രശ്നം സങ്കീർണ്ണമായി. കോട്ടയം വെസ്റ്റ് സി.ഐ എം.ജെ അരുൺ കശാപ്പുകാരനെ സ്റ്റേഷനിൽ വിളിച്ചുവരുത്തിയതോടെ അയൽവാസികളായ രണ്ട് യുവാക്കൾ കുടുങ്ങി.

അവസാനം 50,000 രൂപയ്ക്ക് വിറ്റ പോത്തുകൾക്ക് 80,000 രൂപ നൽകി പ്രശ്നം പരിഹരിച്ചു. യുവാക്കൾക്ക് പണനഷ്ടവും മാനനഷ്ടവും ഫലം. ഇന്നലെ കുമരകത്ത് ചീപ്പുങ്കലിലാണ് സംഭവം.അയൽസംസ്ഥാനങ്ങളിൽ നിന്ന് പോത്തും കാളയും എത്താതായതോടെയാണ് കോട്ടയത്തുള്ള കശാപ്പുകാർ ഉരുക്കളെ തേടി ഇറങ്ങിയത്. ചേർപ്പുങ്കലിലെത്തി വീടുകളിൽ കയറിയിറങ്ങി ഉരുക്കളെ വിൽക്കാനുണ്ടോ എന്ന് ചോദിച്ചപ്പോഴാണ് മാലിക്കായൽ പാടത്ത് തീറ്റാൻ വിട്ടിരുന്ന രണ്ട് പോത്തുകളെ യുവാക്കൾ ചൂണ്ടിക്കാട്ടിയത്. 50,000 രൂപ വിലപറഞ്ഞ് കച്ചവടം ഉറപ്പിച്ചിച്ചു. പണവും കൈയോടെ വാങ്ങി ഉരുക്കളെ ലോറിയിൽ കയറ്റിക്കൊണ്ട് കശാപ്പുകാർ സ്ഥലം വിട്ടു.

ഈ സമയത്താണ് പോത്തുകളുടെ യഥാർത്ഥ ഉടമ വിവരം അറിഞ്ഞ് സ്ഥലത്തെത്തിയത്. തുടർന്ന് പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്കുകയായിരുന്നു. പൊലീസ് അന്വേഷണത്തിലാണ് ഇറച്ചിവെട്ടുകാരനെ പൊലീസ് പൊക്കിയത്. ഇയാളെ ചോദ്യം ചെയ്തതോടെയാണ് തട്ടിപ്പ് നടത്തിയ അയൽവാസികളെക്കുറിച്ച് വിവരം ലഭിച്ചത്. ഇതോടെ പണം തിരികെ നൽകാമെന്നായി തട്ടിപ്പുകാർ. പക്ഷേ, പോത്തിന് 80,000 രൂപ ലഭിക്കണമെന്ന് ഉടമ കടുംപിടുത്തം നടത്തി. ചോദിച്ച പണം നല്കി കേസിൽ നിന്നും ഊരിയെടുക്കുകയേ മാർഗമുണ്ടായിരുന്നുള്ളു.