കോട്ടയം: കേരള കോൺഗ്രസ്-എമ്മിൽ വീണ്ടും കലാപക്കൊടി. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെചൊല്ലിയാണ് തർക്കം രൂക്ഷമായിട്ടുള്ളത്. കരാർ കാലവധി കഴിഞ്ഞിട്ടും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ജോസ് വിഭാഗം കൈയൊഴിയാൻ തയാറാവാതിരുന്നതോടെയാണ് ജോസഫ് ശക്തമായ നിലപാടുമായി രംഗത്ത് എത്തിയിട്ടുള്ളത്. ജോസഫ് മുന്നണി വിടാൻവരെ തയാറായേക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വ്യക്തമാക്കുന്നത്. ഇതേക്കുറിച്ച് ചോദിച്ചപ്പോൾ '' വെയിറ്റ് ആന്റ് സീ '' എന്നാണ് പി.ജെ ജോസഫ് പ്രതികരിച്ചത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലിയുണ്ടായ തർക്കത്തിൽ യു.ഡി.എഫ് നേതൃത്വം ഇടപെട്ടാണ് അവസാനം ജോസ് വിഭാഗത്തിന് നല്കിയത്. അവസാന ടേം ജോസഫ് വിഭാഗത്തിന് നല്കണമെന്നായിരുന്നു അന്നത്തെ ധാരണ. പക്ഷേ, സമയം കഴിഞ്ഞിട്ടും ജോസ് വിഭാഗം ഇത് വിട്ടുനല്കാൻ തയാറാവാത്തതോടെയാണ് ശക്തമായ നിലപാടുകളുമായി ജോസഫ് രംഗത്ത് എത്തിയിരിക്കുന്നത്.
എന്നാൽ, അങ്ങനെയൊരു ധാരണ ഇല്ലെന്നാണ് ജോസ് കെ.മാണി വ്യക്തമാക്കുന്നത്. കേരള കോൺഗ്രസിന്റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന തരത്തിലാണ് ജോസ് കെ.മാണിയുടെ നിലപാടുകളെന്നും രാഷ്ട്രീയവഞ്ചന ഒരിക്കലും കൈയും കെട്ടി നോക്കിനിൽക്കാൻ സാധിക്കില്ലെന്നുമാണ് മോൻസ് ജോസഫ് എം.എൽ.എയുടെ പ്രതികരണം.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തിൽ അവസാന ആറുമാസം ജോസഫിനായിരിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളിയും യു.ഡി.എഫ് കൺവീനർ ബെന്നി ബഹന്നാനും ഉമ്മൻ ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഉറപ്പു നല്കിയിരുന്നു. ഇതാണ് ഇപ്പോൾ ലംഘിച്ചിട്ടുള്ളതെന്നും മോൻസ് വ്യക്തമാക്കി. അങ്ങനെയൊരു ധാരണ ഉണ്ടാക്കിയിരുന്നെന്ന് രമേശ് ഇന്നലെ വ്യക്തമാക്കിയിട്ടുണ്ട്.
ചങ്ങനാശേരി മുനിസിപ്പൽ ചെയർമാൻ സ്ഥാനവും കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവും മൂന്ന് പഞ്ചായത്ത് പ്രസിഡന്റുമാരുടെ സ്ഥാനവും തങ്ങൾക്ക് ലഭിക്കാനുണ്ടെന്നും കരാറുകളെല്ലാം ജോസ് പുച്ഛിച്ച് തള്ളുകയാണെന്നും മോൻസ് ജോസഫ് പറഞ്ഞു.
പ്രശ്നം സങ്കീർണമായതോടെ യു.ഡി.എഫ് നേതൃത്വം ഇടപെട്ടിട്ടുണ്ട്. ജോസുമായും ജോസഫുമായും മുസ്ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി ഒരുവട്ടം ചർച്ച പൂർത്തിയാക്കി. എന്നാൽ ഇരുകൂട്ടരും രണ്ടു ധ്രുവങ്ങളിലാണ് നിലയുറപ്പിച്ചിരിക്കുന്നത്. ഇതിനിടയിൽ പി.ജെ ജോസഫ് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സൗഹൃദ കൂടിക്കാഴ്ച എന്നാണ് ഇതിനെ മോൻസ് ജോസഫ് വിശേഷിപ്പിച്ചത്.