കോട്ടയം: തണ്ണീർ മുക്കം ബണ്ട്തുറന്ന് ഒരു മാസമായിട്ടും വേമ്പനാട്ടുകായലുമായി ബന്ധപ്പെട്ടുകിടക്കുന്ന ആറുകളിലും തോടുകളിലും ഒഴുക്കായില്ല. പായലും മറ്റു മാലിന്യങ്ങളും കെട്ടിക്കിടക്കുന്നതിനാൽ ജലഗതാഗതവും സുഗമമായിട്ടില്ല .

കഴിഞ്ഞ മഹാപ്രളയം കൊണ്ടുവന്ന എക്കൽ മണ്ണ് വേമ്പനാട്ടുകായലിന്റെ പല ഭാഗങ്ങളിലെയും ആഴം കുറച്ചു. മണ്ണു നീക്കി ആഴം കൂട്ടണമെന്ന് പരിസ്ഥിതി വിദഗ്ദ്ധർ ആവശ്യപ്പെട്ടിരുന്നു. കൊവിഡിൽ കുടുങ്ങി കായലിലെ ആഴംകൂട്ടൽ നടന്നില്ല. കായലിലെ എക്കൽ നിക്ഷേപം ഒഴുകി എത്തി ആറുകളിലും തോടുകളിലും ആഴം കുറച്ചിരുന്നു. തണ്ണീർ മുക്കം ബണ്ട് തുറന്നിട്ടും ഒഴുക്ക് ശക്തിപ്രാപിക്കാത്തത് ഈ ആഴക്കുറവ് കാരണമാണ്. ഒഴുക്കില്ലാത്തതിനാൽ പായൽ തള്ളിപോകാതെ തിങ്ങി നിറഞ്ഞു കിടക്കുകയാണ്.

ബണ്ടിന്റെ ഷട്ടർ ഉയർത്തുന്നതിനൊപ്പം കൊച്ചി കായലിലെ ഉപ്പുവെള്ളവും കുട്ടനാട് അപ്പർ കുട്ടനാട് മേഖലയിലേയ്ക്ക് ഒഴുകി എത്തുന്നതിനൊപ്പമാണ് പായലും കളകളും മറ്റും ചീഞ്ഞഴുകി നശിക്കാറുള്ളത്. വേനൽ മഴ ശക്തമായതിനാൽ ജലനിരപ്പ് ഉയർന്നതോടെ ഉപ്പിന്റെ അംശം കുറഞ്ഞതും പായൽ നശിക്കാതിരിക്കാൻ കാരണമായി.

ജലവിഭവവകുപ്പാണ് ആഴം കൂട്ടേണ്ടത്. സർക്കാർ ഫണ്ട് അനുവദിച്ചിട്ടും പണി തുടങ്ങിയിട്ടില്ല. പഞ്ചായത്തുകൾക്ക് ഫണ്ടില്ലാത്തതിനാൽ ചെറിയ തോടുകളുടെ ആഴം കൂട്ടാൻ കഴിഞ്ഞിട്ടില്ല. ആഴം കുറഞ്ഞതോടെ വേലിയേറ്റത്തിന്റെ പ്രയോജനം എല്ലാ ഭാഗത്തും ഉണ്ടാകുന്നില്ല. കുമരകം,തിരുവാർപ്പ്,അയ്മനം ,പുലിക്കുട്ടിശ്ശേരി ഭാഗങ്ങളിലെ ഇടത്തോടുകളിൽ വേമ്പനാട്ടു കായലിൽ നിന്നെത്തിയ എക്കൽ നിറഞ്ഞു കിടക്കുന്നത് നീക്കിയിട്ടില്ല . ആഴം കുറഞ്ഞു കിടക്കുന്നതിനാൽ പായലും മറ്റുമാലിന്യങ്ങളും ഒഴുകി പോകുന്നില്ല. വെള്ളം മലിനമായതിനാൽ കുടിക്കാനോ കുളിക്കാനോ ഉപയോഗിക്കാനാവുന്നില്ല.

ജലമലിനീകരണം ശക്തമായതോടെ എലിപ്പനിയും ഡെങ്കിപ്പനിയും പടിഞ്ഞാറൻ മേഖലയിൽ ഭീഷണി ഉയർത്തുന്നു . മഴക്കാല പൂർവ ശുചീകരണ പദ്ധതിയുടെ ഭാഗമായി തോടുകളിലെ മാലിന്യങ്ങൾ നീക്കുകയും ഓടകൾ വൃത്തിയാക്കുകയും ചെയ്യുമായിരുന്നു. ഈ വർഷം അതും താളം തെറ്റി.സർക്കാർ ഫണ്ട് ലഭിച്ചിട്ടില്ല. കമ്മ്യൂണിറ്റി കിച്ചന് പണം ചെലവഴിച്ച നഗരസഭകൾക്കും പഞ്ചായത്തുകൾക്കും ഉപയോഗിക്കാൻ തനതു ഫണ്ടുമില്ല. തൊഴിലുറപ്പ് തൊഴിലാളികളുടെ സേവനവും ഇനിയും പ്രയോജനം പെടുത്തനായിട്ടില്ല . കൊതുകു നശീകരണത്തിനുള്ള ഫോഗിംഗും പലയിടത്തും നടന്നിട്ടില്ല.

എക്കൽ നീക്കി കായലിന്റെ ആഴം കൂട്ടിയില്ല

മഴക്കാല പൂർവ്വ ശുചീകരണവും സ്തംഭിച്ചു

പായലും മാലിന്യങ്ങളും ഒഴുകി പോകുന്നില്ല.

മലിനീകരണം മൂലം പടിഞ്ഞാറ് രോഗ ഭീതിയിൽ

പടിഞ്ഞാറൻ മേഖലയിൽ നിരവധി ആളുകളെ എലിപ്പനി ബാധിച്ചു .മരണവും ഉണ്ടായി. അധികൃതർ ഉണർന്നു പ്രവർത്തിക്കുന്നില്ല. കൊവിഡിനൊപ്പം മഴക്കാല രോഗങ്ങൾ പടരാനുള്ള സാഹചര്യം ഏറെയാണ് . മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾ അടിയന്തരമായി നടത്തണം .ഫണ്ടില്ലെന്നു പറഞ്ഞു ശുചീകരണം മുടക്കിയാൽ വലിയ വില നൽകേണ്ടി വരും.

സദാനന്ദൻ,

നാട്ടുകാരൻ കുമരകം