കോട്ടയം: പഴ വിപണിയിൽ നിന്ന് ഇതാ ആഹ്ളാദകരമായ ഒരു വാർത്ത. ലോക്ക് ഡൗൺ കാലത്ത് പഴങ്ങൾക്ക് വിലകൂടിയെങ്കിലും വിഷം കുറഞ്ഞു. ഒരു മാസത്തിനിടെ പരിശോധിച്ച വിവിധ പഴവർഗങ്ങളിൽ ഒന്നിൽ പോലും വിഷസാന്നിദ്ധ്യം കണ്ടുപിടിക്കാനായില്ല.

ജില്ലയിലെ വിവിധ ഭക്ഷ്യസുരക്ഷാ സ്ക്വാഡുകളാണ് പരിശോധന നടത്തിയത്. 99 ശതമാനം സാമ്പിളുകളിലും വിഷസാന്നിദ്ധ്യമില്ല. ലോക്ക് ഡൗൺകാലത്ത് പഴുപ്പിക്കാനായി ഗോഡൗണുകളിൽ കൂട്ടിയിട്ട് വിഷംതളിക്കാനാകാത്തതാവാം കാരണമെന്നാണ് കണക്കുകൂട്ടൽ. എന്നാലും പരിശോധന കർശനമാക്കിയിട്ടുണ്ട്.

മാങ്ങയിൽ പ്രധാനമായും കാർബൈഡാണ് തളിച്ചിരുന്നത്. ആന്ധ്ര, തമിഴ്‌നാട്, പാലക്കാട് ജില്ലയിലെ മുതലമട എന്നിവിടങ്ങളിൽ നിന്നാണ് മാങ്ങ എത്തുന്നത്. ഗോഡൗണുകളിൽ കൂട്ടത്തോടെ കാർബൈഡ് തളിച്ചും മൂപ്പെത്താത്ത മാങ്ങ പറിച്ചു പെട്ടികളിലാക്കി കാർബൈഡ് പൊതിവച്ച് വൈകിട്ട് പുറപ്പെടുന്ന വണ്ടിയിൽ കയറ്റിവിട്ടുമായിരുന്നു മായം.

എന്തിന് കാർബൈഡ് ?

കാർബൈഡ് ഉപയോഗിച്ച് മാങ്ങ പോലുള്ള ഫലങ്ങൾ പഴുപ്പിക്കാൻ പരമാവധി 12 മണിക്കൂർ മതി. മഞ്ഞയും ഓറഞ്ചും കലർന്ന നിറം മാങ്ങയുടെ തൊലിയിൽ വരുകയും വിളഞ്ഞു പഴുത്തതായി തെറ്റിദ്ധരിപ്പിക്കാനും സാധിക്കും. എന്നാൽ ഇത്തരത്തിൽ പഴുപ്പിക്കുന്ന ഫലങ്ങൾക്ക് രുചി തീരെ കുറവായിരിക്കും. ഏറെ നാൾ കേടുവരാതെ ഇരിക്കും.

കാർബൈഡ് വീര്യം കൂടിയ വിഷം

കാർബൈഡ് ഏറ്റവും വീര്യം കൂടിയ വിഷ വസ്തുവാണ്. കാർബൈഡിന്റെ അംശം മനുഷ്യശരീരത്തിൽ പ്രവേശിച്ചാൽ നാഡീവ്യൂഹത്തെയും തലച്ചോറിനെയുമാണ് ബാധിക്കുക. കാർബൈഡ് ഉപയോഗിച്ചു പഴുപ്പിച്ച ഫലവർഗങ്ങൾ ഭക്ഷിച്ചാൽ ഉടൻ തന്നെ തലചുറ്റൽ, ശക്തമായ തലവേദന എന്നിവ ഉണ്ടാകാൻ സാദ്ധ്യതയുണ്ട്.

മുന്തിരി 120

ആപ്പിളിന് 220

മാമ്പഴം 60

'' താലൂക്ക് തലത്തിൽ സ്ക്വാഡ് പ്രവർത്തനം സജീവമാണ്. പക്ഷേ, ഇക്കുറി പഴങ്ങളിൽ മായം കണ്ടെത്താനായില്ല ''

ജില്ലാ ഓഫീസർ, ഭക്ഷ്യ സുരക്ഷാ വിഭാഗം