ചങ്ങനാശേരി: മഹാരാഷ്ട്രയിൽ നിന്ന് സ്വകാര്യബസിൽ പാസില്ലാതെ ഇന്നലെ രാവിലെ എത്തിയ പതിനൊന്ന് അംഗ വിദ്യാർത്ഥി സംഘം മതുമൂലയിൽ ഇറങ്ങിയത് ആശങ്ക പരത്തി.

ഏഴ് പേർ ചങ്ങനാശേരി, വാഴപ്പള്ളി, മതുമൂല, കറുകച്ചാൽ, കുറിച്ചി, നെടുംകുന്നം സ്വദേശികളും മൂന്ന് പേർ ആലപ്പുഴ സ്വദേശികളും ഒരാൾ പത്തനംതിട്ട കൂനന്താനം സ്വദേശിയുമാണ്.
മതുമൂല വാര്യർ സമാജത്തിലെ ക്വാറൈന്റൻ ഓഫീസിലെത്തി ഇവർ റിപ്പോർട്ട് ചെയ്‌തെങ്കിലും പാസ് എടുക്കാതെ എത്തിയതിനാൽ പൊലീസിൽ അറിയിച്ചു.

പ്രധാന രാഷ്ട്രീയ കക്ഷിയുടെ യുവജന സംഘടനയുടെ നേതൃത്വത്തിൽ എത്തിച്ച ഇവരെ കൃത്യസമയത്ത് ക്വാറൈന്റനിൽ പ്രവേശിപ്പിക്കുന്നതിനു വൈകിയതാണ് പ്രശ്നമായത്. ചങ്ങനാശേരി പൊലീസിന്റെ നേതൃത്വത്തിൽ ക്വാറൈന്റൻ സംവിധാനത്തിൽ വീടുകളിൽ കഴിയാൻ സാധിക്കാത്ത രണ്ടു പേരെ ആംബുലൻസിൽ കങ്ങഴയിലെ സർക്കാർ ക്വാറൈന്റിനൽ പ്രവേശിപ്പിച്ചു. പത്തനംതിട്ട സ്വദേശിയായ ഒരാളെയും ആലപ്പുഴ സ്വദേശികളായ മൂന്ന് പേരെയും ആംബുലൻസുകളിൽ അതത് സ്ഥലങ്ങളിൽ എത്തിച്ചു. ബാക്കിയുള്ളവരെ വീടുകളിൽ ക്വാറൈന്റീനിൽ കഴിയാൻ നിർദേശിക്കുകയും ചെയ്തു. മുന്നറിയിപ്പ് കൂടാതെയും പാസ് എടുക്കാതെയും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയുമാണ് സംഘം എത്തിയതെന്ന് ചങ്ങനാശേരി തഹസിൽദാർ ജിനു പുന്നൂസ് പറഞ്ഞു.