ഈരാറ്റുപേട്ട : കഴിഞ്ഞ 7 മാസമാമായി ഈരാറ്റുപേട്ട നഗരസഭ ചെയർമാനായിരുന്ന മുസ്ലിംലീഗിലെ വി.എം.സിറാജിനുള്ള പിന്തുണ കോൺഗ്രസിലെ 3 അംഗങ്ങൾ പിൻവലിച്ചു. ഇതോടെ വീണ്ടും ഭരണപ്രതിസന്ധി രൂക്ഷമായി. തിരഞ്ഞെടുപ്പ് കഴിഞ്ഞ് 8 മാസം പിന്നിട്ടപ്പോൾ നടന്ന അവിശ്വാസ വോട്ടെടുപ്പിലൂടെ ചെയർമാനായിരുന്ന ടി.എം .റഷീദ് പുറത്താവുകയും, പിന്നീട് യു.ഡി.എഫ്. ജനപക്ഷ പിന്തുണയോടെ സി.പി.എം പ്രതിനിധിയായ വി.കെ.കബീറിനെ ചെയർമാനായി തിരഞ്ഞെടുക്കുകയും, ഒരു വർഷം കഴിഞ്ഞ് യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസത്തിലൂടെ വി.കെ.കബീറും പുറത്തായി. വീണ്ടും നടന്ന തിരഞ്ഞെടുപ്പിൽ സി.പി.എം പ്രതിനിധി ലൈലാ പരീത് എസ്.ഡി.പി.ഐ.പിന്തുണയോടെ ചെയർമാനായെങ്കിലും ഉടൻ രാജി സമർപ്പിച്ചു. തുടർന്ന് നടന്ന അവിശ്വാസ തിരഞ്ഞെടുപ്പിൽ റഷീദ് തന്നെ വിജയിച്ചു. തുടർന്ന് ഹൈക്കോടതി ഇടപടെലിനെ തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ സിറാജിനെ ചെയർമാനായി തിരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ യു.ഡി.എഫ് ധാരണ പ്രകാരം 6 മാസം പിന്നിടുമ്പോൾ ഘടകകക്ഷിയായ കോൺഗ്രസിലെ നിസാർ കുർബാനിക്കായി മാറിക്കൊടുക്കണമെന്ന ധാരണ പാലിക്കാത്തതിനാലാണ് പിന്തുണ പിൻവലിച്ചതെന്ന് കോൺഗ്രസ് അംഗങ്ങൾ പറയുന്നു.