പാലാ : 1960 മുതൽ 2017 വരെ മുത്തോലി സഹകരണ ബാങ്കിന്റെ ഭരണസമിതിയംഗവും അരനൂറ്റാണ്ടുകാലം ബാങ്ക് പ്രസിഡന്റുമായിരുന്ന ജേക്കബ് മണ്ണനാൽ (മണ്ണനാൽ സാർ) വിടവാങ്ങൾ മുത്തോലിക്ക് തീരാനഷ്ടം. പാലാ രൂപതാ കോർപറേറ്റ് സ്‌കൂളുകളിൽ രാമപുരം, കടപ്ലാമറ്റം, പാലാ സെന്റ്.തോമസ് ടി.ടി.ഐ എന്നിവടങ്ങളിലായി 35 വർഷക്കാലം അദ്ധ്യാപകനായും ടി.ടി ഐയുടെ പ്രിൻസിപ്പലായി ഒരു പതിറ്റാണ്ടിലധികവും സേവനം ചെയ്തിട്ടുള്ള മണ്ണനാൽ സാർ വലിയൊരു ശിഷ്യസമ്പത്തിനുടമയാണ്. ദീർഘകാലം പാഠപുസ്തക കമ്മിറ്റികളിലും പരീക്ഷാ കമ്മറ്റികളിലും അംഗമായി പ്രവർത്തിച്ചിട്ടുണ്ട്. ശാസ്ത്രപഥമാസികയുടെ മാനേജിംഗ് കമ്മറ്റിയംഗമായി ദീർഘകാലം സേവനം ചെയ്തു. ബി.എസ്.സി മാത്തമാറ്റിക്‌സ് കേരളയൂണവേഴ്‌സിറ്റിയിൽ നിന്ന് ഒന്നാം റാങ്കോടെയാണ് ജയിച്ചത്. എം.എഡിനും ഒന്നാം റാങ്ക് കരസ്ഥമാക്കി. കേരള കോൺഗ്രസിന്റെ ആദ്യകാല മുത്തോലി മണ്ഡലം പ്രസിഡന്റായിരുന്നു. 1960 ൽ മുത്തോലി സഹകരണ ബാങ്കിന്റെ ഭരണസമിതിയംഗമായി 23ാം വയസ്സിൽ തിരഞ്ഞെടുക്കപ്പെടുകയും ആദ്യവർഷം പ്രസിഡന്റാവുകയും ചെയ്തു. അന്നു മുതൽ 2017 വരെ ബാങ്കിന്റെ ഭരണസമിതിയംഗമായിരുന്നു. ഇത് സഹകരണ രംഗത്തെ സർവകാല റെക്കാഡാണ്. യി കണക്കാക്കപ്പെടുന്നു. 50 വർഷക്കാലം പ്രസിഡന്റായി സേവനം ചെയ്ത് ബാങ്കിനെ ഇന്നത്തെ നിലയലേക്ക് വളർത്തിക്കൊണ്ട് വന്നത് അദ്ദേഹത്തിന്റെ ഭരണ മികവുകൊണ്ടാണ്. ബാങ്കിന്റെ സ്വന്തം കെട്ടിടത്തിൽ ഹെഡ് ഓഫീസ് മന്ദിരവും പടിഞ്ഞാറ്റിൻകര,നെയ്യൂർ ബ്രാഞ്ച് മന്ദിരങ്ങളും സഹകരണ വിശ്രമഭവനവും ബ്രാഞ്ചുകളിലെ നീതി സ്റ്റോറുകളും വളം ഡപ്പോകളും പ്രവർത്തനമാരംഭിച്ചത് അദ്ദേഹത്തിന്റെ ഭരണകാലത്തായിരുന്നു. മീനച്ചിൽ താലൂക്കിലെ മികച്ച സഹകരണ ബാങ്കിനുള്ള അവാർഡ് നിരവധി തവണ മുത്തോലി ബാങ്ക് കരസ്ഥമാക്കിയിട്ടുണ്ട്. ജില്ലാ സഹകരണ ബാങ്ക് ഭരണസമിതിയംഗം, സർക്കിൾ സഹകരണ യൂണിയൻ ഭരണസമിതിയംഗം, സഹകരണബാങ്ക് പ്രസിഡന്റുമാരുടെ അസോസയേഷൻ ചെയർമാൻ എന്നീ നിലകളിലും വ്യക്തിമുദ്ര അദ്ദേഹം പതിപ്പിച്ചിട്ടുണ്ട്.

ജേക്കബ് മണ്ണനാലിന്റെ നിര്യാണത്തിൽ ജോസ് കെ മാണി എം.പി, തോമസ് ചാഴികാടൻ എം.പി , അഡ്വ. ജോസ് ടോം ,ബേബി ഉഴുത്തുവാൽ , ഫിലിപ്പ് കുഴികുളം , രാജൻ മുണ്ടമറ്റം, ബെറ്റി റോയി, ജെസി പെരുവേലിൽ തുടങ്ങിയവർ അനുശോചിച്ചു.