വൈക്കം : വർഷങ്ങളായി തരിശായി കിടക്കുന്ന നഗരസഭ 26 ാം വാർഡിലെ കാരയിൽ പാടശേഖരത്ത് പത്ത് ഏക്കർ സ്ഥലത്ത് സർക്കാറിന്റെ സുഭിക്ഷ കേരളം പദ്ധതിയിൽപ്പെടുത്തി നെൽകൃഷി നടത്തും. കൃഷി വിജയകരമാകുമെങ്കിൽ ശേഷിച്ച പാടശേഖരങ്ങൾ കൂടി കൃഷിയോഗ്യമാക്കും.
വൈക്കം നഗരസഭ, കൃഷിഭവൻ എന്നിവരുടെ സഹകരണത്തോടെ വൈക്കം താലൂക്ക് ഫാർമിംഗ് ആൻഡ് മാർക്കറ്റിംഗ് സഹകരണ സംഘത്തിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ഇരിപ്പൂ കൃഷി നടത്തി മെച്ചപ്പെട്ട വിളവ് നേടുകയാണ് ലക്ഷ്യം. തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ച് പാടശേഖരത്തെ പച്ചക്കാടുകളും, പുല്ലുകളും നീക്കം ചെയ്ത് വർഷകൃഷിക്ക് വിത്ത് പാകാനാണ് പരിപാടി. കണിയാംതോട്ടിലെയും, പെരുംഞ്ചില തോട്ടിലെയും, കെ. വി. കനാലിലെയും ശുദ്ധജല സൗകര്യം കൃഷിക്ക് പ്രയോജനപ്പെടുത്തും. നെൽകൃഷിയോടൊപ്പം കർഷകരുടെ കൂട്ടായ്മയിൽ പച്ചക്കറികൃഷി നടത്തുവാനും പദ്ധതിയുണ്ടെന്ന് സംഘം പ്രസിഡന്റ് പി. സോമൻപിള്ള പറഞ്ഞു. നഗരസഭ ചെയർമാൻ ബിജു വി. കണ്ണേഴൻ, കൃഷി ഓഫീസർ ടി. സജീവ്, സംഘം പ്രസിഡന്റ് പി. സോമൻപിള്ള, ബോർഡ് മെമ്പർമാരായ അഡ്വ. ചന്ദ്രബാബു എടാടൻ, കെ. പി. അശോകൻ, കെ. രമേശൻ എന്നിവരുടെ സംഘം പാടശേഖരം സന്ദർശിച്ച് കൃഷി നടത്തിപ്പിന് അനുകൂല സാഹചര്യം വിലയിരുത്തി.