വൈക്കം : തിരുവിതാംകൂർ ദേവസ്വം ബോർഡ് നടപ്പിലാക്കുന്ന ദേവഹരിതം പരിപാടിയുടെ ഭാഗമായുള്ള ഭൂമിയൊരുക്കൽ ചടങ്ങ് വൈക്കം മഹാദേവ ക്ഷേത്രത്തിൽ നടന്നു. ക്ഷേത്രത്തിലും അനുബന്ധിച്ചുള്ള ദേവസ്വം വക ഭൂമിയിലുമാണ് പദ്ധതി നടപ്പാക്കുക. ഔഷധ സസ്യങ്ങൾ, ഫലവൃക്ഷങ്ങൾ, തെങ്ങിൻ തൈകൾ തുടങ്ങിയവ നട്ടുവളർത്തുന്ന ദേവ ഹരിതം പദ്ധതി വൈക്കം നഗരസഭയുടെയും ക്യഷി ഭവന്റെയും സഹകരണത്തോടെയാണ് വൈക്കം ക്ഷേത്രത്തിൽ നടപ്പിലാക്കുന്നത്. ക്ഷേത്രത്തിന്റെ ചുറ്റുമതിലനോട് ചേർന്നുള്ള ഭാഗം ദേവസ്വം ജീവനക്കാരുടെ കൂട്ടായ്മയിൽ വൃത്തിയാക്കി തുടങ്ങി. ദേവസ്വം ബോർഡിന്റെ മുഴുവൻ ക്ഷേത്രങ്ങളിലും നടപ്പിലാക്കുന്ന പദ്ധതി വൈക്കം ഗ്രൂപ്പിലെ 49 ക്ഷേത്രങ്ങളിലും ഈ ആഴ്ച അവസാനത്തോടെ ആരംഭിക്കും. വൈക്കം ക്ഷേത്രത്തിലെ ഭൂമിയൊരുക്കൽ ചടങ്ങുകൾക്ക് ഡപ്യൂട്ടി ദേവസ്വം കമ്മിഷണർ ബി. എസ്. ശ്രീകുമാർ, അസിസ്റ്റൻഡ് കമ്മിഷണർ ജി.ജി. മധു, അഡ്മിനിസ്‌ടേറ്റിവ് ഓഫിസർ ഡി. ജയകുമാർ, എന്നിവർ നേതൃത്വം നല്കി.