പാലാ : പരിക്ക് സുഖപ്പെട്ടില്ലെങ്കിലും പിറന്നാൾ ദിനത്തിൽ പരീക്ഷയെഴുതാൻ അച്ഛന്റെ ഒക്കത്തിരുന്ന് മിന്നുവെത്തി.
മാർച്ചിൽ എസ്.എസ്.എൽസി പരീക്ഷയുടെ ആദ്യ ദിനമാണ് പാലാ ഗവ. ഹൈസ്കൂളിലെ മിന്നുവിന് അപകടത്തിൽ പരിക്കേറ്റത്. അപകടത്തിന്റെ ആഘാതത്തിൽ നിന്ന് മോചിതയായില്ലെങ്കിലും പരിക്ഷയെഴുതണമെന്ന അതിയായ മോഹമാണ് ഇന്നലെ മിന്നുവിനെ പരിക്ഷാഹാളിലെത്താൻ പ്രേരിപ്പിച്ചത്. അരുണാപുരം വടക്കേകുന്നേൽ പറമ്പിൽ ജോസ് ജോസഫിന്റെ മകളായ മിന്നു ആദ്യ ദിനം പരീക്ഷ കഴിഞ്ഞ വീട്ടിലേക്ക് നടന്ന് പോകുന്നതിനടയിൽ സെന്റ് മേരിസ് കോളേജിന് സമീപം റോഡ് കുറുകെ കടക്കുമ്പോൾ അമിത വേഗതയിൽ വന്ന വാഹനം ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇരുകാലുക്കൾക്കും, ഇടുപ്പെല്ലിനും പരിക്കേറ്റ മിന്നു ദീർഘനാൾ ചികിത്സയിലായിരുന്നു. വലതുകാലിലെ പ്ലാസ്റ്റർ ഇതേ വരെ മാറ്റിയിട്ടില്ല. പിതാവിന്റെ ഓട്ടോറിക്ഷയിലെത്തിയ മിന്നുവിനെ പരീക്ഷാഹാളിലേക്ക് ചുമന്നാണെത്തിച്ചത്. പ്രത്യേകം തയ്യാറാക്കിയ മുറിയിൽ മിന്നു പരീക്ഷയെഴുതുമ്പോൾ പ്രാർത്ഥനയോടെ പിതാവ് ജോസ് പുറത്ത് കാത്തുനിന്നു.