ഹയർ സെക്കൻഡറി പരീക്ഷ ഇന്നു മുതൽ
കോട്ടയം: നാടൊന്നാകെ ചേർന്നൊരുക്കിയ പ്രതിരോധ ജാഗ്രതയുടെ തണലിൽ ജില്ലയിൽ എസ്.എസ്.എൽ.സി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾ ആദ്യ ദിനത്തിൽ എഴുതിയത് 23473 പേർ. ആരോഗ്യ വകുപ്പിന്റെ കൊവിഡ് പ്രതിരോധ മാർഗനിർദേശങ്ങൾ കർശനമായി പാലിച്ച് പരീക്ഷ നടത്താൻ ഉദ്യോഗസ്ഥരും അദ്ധ്യാപകരും ആരോഗ്യപ്രവർത്തകരും ജനപ്രതിനിധികളും പൊലീസും പി.ടി.എ ഭാരവാഹികളും ജാഗ്രത പുലർത്തി.
മറ്റു ജില്ലകളിൽനിന്ന് പരീക്ഷാ കേന്ദ്രം മാറ്റുന്നതിന് ഓൺലൈനിൽ അപേക്ഷ നൽകിയവർ ഉൾപ്പെടെയുള്ള 19955 വിദ്യാർത്ഥികളിൽ 19948 പേർ ഇന്നലെ എസ്.എസ്.എസ്.എൽ.സി. പരീക്ഷയെഴുതി. ഏഴു പേർ ഹാജരായില്ല. കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ നാലു പേരും കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ മൂന്നു പേരുമാണ് പരീക്ഷയ്ക്ക് എത്താതിരുന്നത്.
വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ രജിസ്റ്റർ ചെയ്ത 3531 പേരിൽ ആറു പേർ ഒഴികെ എല്ലാവരും പരീക്ഷയെഴുതി. എഴുതാതിരുന്നവരിൽ അഞ്ചു പേർ മാർച്ച് മാസത്തിൽ നടത്തിയ പരീക്ഷയ്ക്കും ഹാജരായിരുന്നില്ല. ഒരാൾ തമിഴ്‌നാട്ടിലാണ്.
എല്ലാ കേന്ദ്രങ്ങളിലും പനി പരിശോധന 'നടത്തുകയും സോപ്പും സാനിറ്റൈസറും ഉപയോഗിച്ച് കൈകൾ ശുചീകരിക്കുകയും ചെയ്ത ശേഷമാണ് വിദ്യാർത്ഥികൾക്ക് പരീക്ഷാ ഹാളിൽ പ്രവേശനം അനുവദിച്ചത്. അകലം പാലിച്ച് ഓരോ 'ക്ലാസിലും 20 പേരെ മാത്രമാണ് ഇരുത്തിയത്. മാസ്‌ക് ധരിച്ചെത്തിയ വിദ്യാർത്ഥികൾ പരീക്ഷാ ഹാളിനു പുറത്തും അകലം ഉറപ്പാക്കി. പാമ്പാടി ടെക്‌നിക്കൽ ഹയർ സെക്കൻഡറി സ്‌കൂളിൽ പരിശോധനയിൽ പനിയുണ്ടെന്ന് കണ്ടെത്തിയ വിദ്യാർത്ഥിയെ പ്രത്യേകമായി ഒരു മുറിയിൽ ഇരുത്തി പരീക്ഷയെഴുതിച്ചു.
ഹയർ സെക്കൻഡറി വിഭാഗം പരീക്ഷ ഇന്ന്ആരംഭിക്കും. 133 കേന്ദ്രങ്ങളിലായി 22584 വിദ്യാർത്ഥികളാണ് പരീക്ഷയെഴുതുന്നത്.