exam
ചിത്രം. അടിമാലി എസ്.എന്‍.ഡി.പി സ്‌കൂളില്‍ നടന്ന വി.എച്ച്.എസ്.ഇ.പരീക്ഷയ്ക്ക് സമയത്തിന് ഹാജരാകുവാന്‍ കഴിയാതെ ഇരുന്ന വിദ്യാര്‍ത്ഥിയെ പൊലീസ് ജീപ്പില്‍ സ്‌കൂളില്‍ എത്തിക്കുന്നു

അടിമാലി: രാവിലെ നടന്ന വി.എച്ച്.എസ് ഇ പരീക്ഷ ഉച്ചയ്ക്കാണെന്ന് തെറ്റിധരിച്ച വിദ്യാർത്ഥിയെ പൊലീസ് വാഹനത്തിൽ പരീക്ഷക്കായി എത്തിച്ചു. അടിമാലി എസ്.എൻ .ഡി.പി സ്‌കൂളിലെ വി.എച്ച്.എസ്.ഇ വിഭാഗത്തിലെ രണ്ടാം വർഷ ഇ. ഇ.ടി വിദ്യാർത്ഥിയായ പണിക്കൻ കുടി കൊമ്പൊടിഞ്ഞാൽ സ്വദേശിയായ അതുൽ ഷിജോയെയാണ് പരീക്ഷ തുടങ്ങി അര മണിക്കൂറിനുള്ളിൽ അടിമാലി പൊലീസിന്റെ സഹായത്തോടെ പരീക്ഷക്കായി എത്തിച്ചത്. 200 കുട്ടികൾ പരീക്ഷ എഴുതുന്ന സ്‌കൂളിൽ 199 കുട്ടികളും ഹാജരായി. ഹാജരാകാതെ ഇരുന്ന അതുൽ ഷിജോയുടെ വീട്ടിലേക്ക് സ്‌കൂൾ പ്രിൻസിപ്പൽ വിളിച്ചപ്പോഴാണ് രാവിലെയാണ് പരീക്ഷ എന്ന് വിദ്യാർത്ഥി മനസിലാക്കുന്നത്. അടിമാലിയിൽ നിന്ന് 25 കിലോ മീറ്റർ അകലെയുള്ള കൊമ്പെടിഞ്ഞാലിൽ നിന്ന് അടിമാലിയിൽ എത്തുമ്പോഴേക്കും പരീക്ഷ എഴുതുവാൻ പറ്റാതെ വരും. രാവിലെ പരീക്ഷ സംബന്ധമായി ഡ്യൂട്ടിയ്ക്ക് എത്തിയ അടിമാലി പൊലീസ് വിവരം അറിയുകയും അരമണിക്കൂറിനകം കുട്ടിയെ എത്തിക്കാമെന്ന് അറിയിക്കുകയായിരുന്നു. അടിമാലി ജനമൈത്രി കമ്യൂണിറ്റി റിലേഷൻ ഓഫിസർ കെ. ഡി. മണിയൻ എസ്.ഐ, എം.എം ഷാജു എ.എസ്.ഐ, സിവിൽ പൊലീസ് ഓഫിസർ നാസ്സർ പി.പി എന്നിവരുടെ നേതൃത്വത്തിലാണ് അതുലിനെ സ്‌കൂളിൽ എത്തിച്ചത്.