കോട്ടയം: കൊവിഡിന്റെ മറവിൽ ലഹരികടത്ത്. ഇന്നലെ കോട്ടയത്ത് പിടികൂടിയത് നാല് ലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പ്പന്നങ്ങൾ. കഴിഞ്ഞദിവസം ഏറ്റുമാനൂരിൽ സ്കൂൾ പുസ്തകങ്ങൾക്കിടയിൽ ഒളിച്ചുകടത്തിയ 64 കിലോ കഞ്ചാവ് പിടിച്ചെടുത്തിരുന്നു. ആന്ധ്രയിൽ നിന്നും ബംഗളൂരുവിലെത്തിച്ചശേഷം ലോറിയിൽ കോട്ടയത്തേക്ക് കടത്തിയ ലക്ഷങ്ങളുടെ കഞ്ചാവാണ് എക്സൈസ് പിടികൂടിയത്. ഇതിന് പിറകെയാണ് ഇന്നലെ തമിഴ്നാട്ടിൽ നിന്നും പച്ചക്കറി ലോറിയിൽ ഒളിച്ചുകടത്തിയ ലക്ഷങ്ങളുടെ നിരോധിത പുകയില ഉല്പന്നങ്ങൾ കോട്ടയം വെസ്റ്റ് സി.ഐ എം.ജെ അരുണിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
താഴത്തങ്ങാടി തളിക്കോട്ട ബിസ്മില്ല വീട്ടിൽ സി.എ സ്നേഹജാൻ (45), മകൻ അജ്മൽ മുഹമ്മദ് (23) എന്നിവരാണ് അറസ്റ്റിലായത്. പച്ചക്കറിയുമായി കോട്ടയത്തേക്ക് എത്തുന്ന ലോറികളിലാണ് ഇയാൾ ലഹരിവസ്തുക്കൾ എത്തിച്ചിരുന്നത്. ജില്ലാ പൊലീസ് മേധാവി ജി.ജയദേവിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് പച്ചക്കറി മാർക്കറ്റിലെത്തിയ ലോറി പരിശോധിക്കവേയാണ് 50 ബണ്ടിൽ നിരോധിത പുകയില ഉല്പന്നങ്ങൾ കണ്ടെടുത്തത്.
പച്ചക്കറി ഇറക്കിയശേഷം ലോറി സ്നേഹജാന്റെ വീട്ടിലേക്ക് പോവുകയാണ് പതിവ്. വീട്ടിൽ ഇത് സൂക്ഷിച്ചശേഷം ഓട്ടോറിക്ഷാ ഡ്രൈവർമാർ മുഖേനയാണ് ഇത് കടക്കാർക്ക് വിതരണം ചെയ്തുവന്നിരുന്നത്. കൂടാതെ ആളുകൾക്കും ഇത് കൈമാറിയിരുന്നു.