കോട്ടയം : ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലിയുള്ള കേരള കോൺഗ്രസ് ജോസ് - ജോസഫ് ഗ്രൂപ്പ് തർക്കം യു.ഡി.എഫിനെ പിടിച്ചുലയ്ക്കുന്ന ഭിന്നതയായി വളരുന്നു. ഈ മാസം 30 നുള്ളിൽ തീരുമാനമുണ്ടാകണമെന്ന കടുത്ത നിലപാടിലാണ് ജോസഫ് വിഭാഗം. കരാർ പാലിക്കുന്നതുവരെ യു.ഡി.എഫ് യോഗത്തിൽ പങ്കെടുക്കില്ലെന്നും കരാർ പാലിക്കാത്ത മുന്നണിയിൽ നിൽക്കില്ലെന്നും ജോസഫ് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. യു.ഡി.എഫ് നേതാക്കൾ ഇടപെട്ടെങ്കിലും പ്രസിഡന്റ് സ്ഥാനം വിട്ടു കൊടുക്കില്ലെന്ന കടുംപിടുത്തത്തിൽ ജോസ് ഉറച്ചു നിൽക്കുകയാണ്. തദ്ദേശതിരഞ്ഞെടുപ്പിന് മുമ്പ് യു.ഡി.എഫിൽ പൊട്ടിത്തെറിക്ക് ഇത് വഴിമരുന്നിടുമെന്ന പ്രചാരണവും ശക്തമായി.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മാണി വിഭാഗം സി.പി.എം പിന്തുണയോടെ കോൺഗ്രസ് സ്ഥാനാർത്ഥിയെ തോൽപ്പിച്ചതിനെ തുടർന്നായിരുന്നു നേരത്തേ മാണി വിഭാഗം യു.ഡി.എഫ് വിട്ടത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം മാണിഗ്രൂപ്പ് ഇപ്പോൾ വിട്ടുകൊടുക്കാത്തതും ഇടതുമുന്നണിയിലേക്ക് പോകുന്നതിന്റെ ഭാഗമാണെന്നാണ് ജോസഫ് വിഭാഗം പ്രചാരണം.

കുട്ടനാട് സീറ്റിന്റെ പേരിൽ ജോസ് - ജോസഫ് വിഭാഗം ഇടഞ്ഞത് യു.ഡി.എിന് തലവേദനയായിരുന്നു ലോക്ക്ഡൗണിൽ തിരഞ്ഞെടുപ്പ് നീണ്ടതോടെ ഇരുവിഭാഗവും തൽക്കാലം വെടിനിറുത്തലിലായി. ഇതിനിടയിലാണ് പുതിയ പ്രതിസന്ധി ഉടലെടുത്തിരിക്കുന്നത്.

ജോസഫിനെ ചൊടിപ്പിച്ചത്

മാണിഗ്രൂപ്പിലെ സെബാസ്റ്റ്യൻ കുളത്തുങ്കൽ എട്ടുമാസവും ജോസഫ് വിഭാഗത്തിലെ അജിത് കുതിരമല തുടർന്നും പ്രസിഡന്റെന്നായിരുന്നു ധാരണ. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിട്ടും മാണി വിഭാഗം പ്രസിഡന്റ് സ്ഥാനത്തു തുടരുന്നതാണ് ജോസഫിനെ ചൊടിപ്പിച്ചത്. പ്രസിഡന്റ് സ്ഥാനം ജോസഫിന് വിട്ടുകൊടുക്കാമെന്ന ധാരണ കാണിക്കണമെന്നാണ് മാണിഗ്രൂപ്പിന്റെ ആവശ്യം. ചങ്ങനാശേരി നഗരസഭ , കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് എന്നിവിടങ്ങളിലും യു.ഡി.എഫ് ധാരണ ഉണ്ടാക്കിയിരുന്നു.