മദ്യം വാങ്ങാനുള്ള തയാറെടുപ്പിൽ കുടിയൻമാർ
കോട്ടയം: രണ്ട് മാസത്തിലേറെ ലോക്കൗട്ടിലായിരുന്ന മദ്യശാലകൾക്ക് ഷട്ടർ ഉയർത്താനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. ഔട്ട് ലെറ്റുകളെല്ലാം അണുവിമുക്തമാക്കിയിട്ടുണ്ട്. ജില്ലയിലെ ബാറുകളുടെയും ബിയർ വൈൻ പാർലറുകളുടെയും ലൊക്കേഷനും വിലാസവും സർക്കാർ നിർദേശമനുസരിച്ച് എക്‌സൈസ് അയച്ചു നൽകിയിട്ടുണ്ട്. ആപ്പ് ഡൗൺലോഡ് ചെയ്ത് മദ്യം വാങ്ങാനുള്ള തയാറെടുപ്പിലാണ് കുടിയൻമാർ.
മാർച്ച് 24ന് വൈകിട്ട് അടയ്ക്കുമ്പോൾ പിറ്റേന്ന് മുതൽ മദ്യ വിൽപ്പനയുണ്ടാകില്ലെന്ന് ജീവനക്കാർക്ക് പോലും ധാരണയില്ലായിരുന്നു. 25ന് രാവിലെയാണ് ബീവറേജസ് ഔട്ട്‌ലെറ്റുകളിൽ മദ്യവിൽപ്പന നിരോധിച്ചുള്ള ഉത്തരവിറങ്ങിയത്. സൂക്ഷിച്ചുവച്ചിരുന്ന പലരിൽ നിന്ന് ആദ്യ ദിവസങ്ങളിൽ അമിതവിലയ്ക്ക് മദ്യം വാങ്ങി തൊണ്ട നനച്ച കുടിയൻമാർ പലരും പിന്നീടും വീടുകളിൽ നിർമ്മിച്ച് സ്വയംപര്യാപ്തരുമായി. ചിലർ കുടുങ്ങി. മറ്റ് ചിലർ അമിതവിലയ്ക്ക് വാറ്റിവിറ്റു. മറ്റു ചിലർക്കാവട്ടെ നീണ്ട ഇടവേള മദ്യപാനത്തിൽ നിന്നുള്ള മോചനത്തിനും വഴിവെച്ചു. ബിവറേജസ് ഔട്ട് ലെറ്റുകളിലും ബാറുകളിലും സാമൂഹിക അകലം പാലിച്ച് മദ്യം വിതരണം ചെയ്യാനുള്ള തയാറെടുപ്പുകളും പൂർത്തിയായിട്ടുണ്ട്.
ബാറുകളും സജ്ജം
പാഴ്‌സൽ മദ്യവിൽപനയ്ക്ക് അനുമതിയുണ്ടെങ്കിലും ബാറുകൾക്ക് വലിയതാത്പര്യമില്ല. നികുതി, തൊഴിലാളികളുടെ കൂലി, കയറ്റിയറിക്ക് കൂലി തുടങ്ങിയവ കണക്ക് കൂട്ടിയാൽ ബിവറേജസ് ഔട്ട്ലറ്റുകുളിലെ വിലയ്ക്ക് മദ്യംനൽകിയാൽ മുതലാവില്ലെന്ന നിലപാടാണ് ബാറുടമകൾക്ക്. എങ്കിലും ബിയർ, വൈൻ അടക്കം വിറ്റുതീർക്കാനായി തുറക്കാനാണ് ബാറുകളുടെ തീരുമാനം. ഭൂരിഭാഗം ബാറുകളുടെയും ലൈസൻസ് കാലാവധി അവസാനിച്ചു. അതേസമയം ബാറുകൾക്ക് ലൈസൻസ് പുതുക്കാൻ 31 വരെ സാവകാശമുള്ളതിനാൽ കൂടുതൽ പേർ രംഗത്തുവരുമെന്നാണ് എക്‌സൈസിന്റെ പ്രതീക്ഷ.
ജില്ലയിൽ 53 ബാറുകൾ
ബിവറേജസ് ഔട്ട്‌ലെറ്റുകൾ 27
മദ്യശാലകൾ പ്രവർത്തിക്കുക രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
''കൊവിഡ് മാനദണ്ഡം ഉറപ്പാക്കാൻ പൊലീസും എക്സൈസുമുണ്ടാവും. അബ്കാരി നിയമം അനുസരിച്ച് മാത്രമേ മദ്യവിൽപന നടത്താൻ അനുവദിക്കൂ'' എ.ആർ.സുൽഫിക്കർ, എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ