വൈക്കം : സർക്കാർ നിർദ്ദേശങ്ങളും നിയന്ത്രണങ്ങളും പാലിച്ചുകൊണ്ട് കലാകേന്ദ്രങ്ങൾ (സംഗീത, നൃത്ത വിദ്യാലയങ്ങൾ) തുറക്കാൻ സാംസ്കാരിക വകുപ്പ് അനുമതി നല്കണമെന്ന് കലാകാരന്മാരുടെ ട്രേഡ് യൂണിയൻ കേരള സർവ്വ കലാസംഘം (കെ.എസ്.കെ.എസ്) കോട്ടയം ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. ശനി, ഞായർ ദിവസങ്ങളിൽ രാവിലെ 8 മുതൽ 6 വരെ ക്ലാസുകൾ നടത്താൻ അനുവദിക്കുക, മിനിമം എട്ട് കുട്ടികളെ പങ്കെടുപ്പിച്ച് നിശ്ചിത അകലം പാലിച്ച് ക്ലാസെടുക്കാൻ അനുവദിക്കുക, ഒരുമിച്ചുള്ള (കൂടുതൽ പേരുള്ള) ക്ലാസുകൾ ഒഴിവാക്കി പകരം വെവ്വേറെ സമയക്രമത്തിൽ ക്ലാസുകൾ നടത്താൻ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും കെ.എസ്.കെ.എസ് മുന്നോട്ടുവെച്ചു. അസംഘടിത മേഖല എന്നത് കണക്കിലെടുത്ത് കലാകാരന്മാരുടെ ദുരവസ്ഥ പരിഹരിക്കാൻ സാംസ്കാരിക വകുപ്പുമന്ത്രി അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ജില്ലാ ഭാരവാഹികളായ സജി വൈക്കം, ജോസ്.പി ചിറ്റടി എന്നിവർ അഭ്യർത്ഥിച്ചു.