വെളിയന്നൂർ: രണ്ട് പതിറ്റാണ്ടിലേറെയുള്ള കാത്തിരിപ്പിനൊടുവിൽ വെളിയന്നൂരിലേക്കുള്ള എം.വി.ഐ.പി കനാൽ യാഥാർത്ഥ്യമായി. കനാൽ നിറയുമ്പോൾ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനൊപ്പം കാർഷിക മേഖലയ്ക്കും ആശ്വാസമാകും. മൂവാറ്റുപുഴ വാലി ഇറിഗേഷൻ പദ്ധതിയുടെ ഭാഗമായാണ് കനാലിന്റെ നിർമ്മാണം പൂർത്തിയായത്. പഞ്ചായത്ത് ഭരണസമിതിയും മോൻസ് ജോസഫ് എം.എൽ.എയും നടത്തിയ ഇടിപെടലുകളാണ് ഇപ്പോൾ ഫലം കണ്ടത്.

കൂത്താട്ടുകുളം ബാപ്പുജി ജംഗ്ഷൻ വരെ എത്തുന്ന കനാലിൽ നിന്നും ജലം പമ്പ് ചെയ്ത് വെളിയന്നൂരിലേക്കുള്ള കനാലിൽ എത്തിക്കുന്നതിനുള്ള ലിഫ്‌റ്റ് ഇറിഗേഷൻ സംവിധാനം ഒരുക്കിയിരുന്നില്ല. ഇതിനെതുടർന്ന് കോടികൾ മുടക്കിയ വെളിയന്നൂർ കനാൽ ഉപയോഗയോഗ്യമല്ലാതെ മണ്ണിടിഞ്ഞ് നാശത്തിന്റെ വക്കിലെത്തിയിരുന്നു.

ലിഫ്‌റ്റ് ഇറിഗേഷൻ സ്ഥാപിക്കുന്നതിന് ഒരു കോടി രൂപയുടെ അനുമതി നൽകി സംസ്ഥാന സർക്കാർ പദ്ധതിക്ക് തുടക്കമിട്ടു. സാങ്കേതികമായും നിയമപരമായും ഉണ്ടായിരുന്ന തടസങ്ങൾ എല്ലാം നീക്കി പദ്ധതി ടെൻഡർ ചെയ്തു. കരാർ എടുത്ത സ്ഥാപനം നിയമതടസങ്ങൾ ചൂണ്ടിക്കാട്ടി നിർമ്മാണം പൂർത്തിയാക്കുന്നില്ലെന്ന ഘട്ടം വന്നപ്പോൾ സി.പി.എം ജില്ലാ സെക്രട്ടറി വി.എൻ.വാസവൻ മന്ത്രി ജി. സുധാകരനുമായി വിഷയം ചർച്ച ചെയ്തു. തുടർന്ന് മന്ത്രിതലത്തിലും ഉദ്യോഗതലത്തിലും നടന്ന ആലോചനകളുടെ ഫലമായി നിലവിലുള്ള കരാറുകാരനെ ഒഴിവാക്കി പദ്ധതി വീണ്ടും ടെൻഡർ ചെയ്തെങ്കിലും പങ്കെടുത്ത ഒരു കമ്പനി എസ്റ്റിമേറ്റ് തുകയേക്കാൾ കൂടുതൽ തുക ആവശ്യപ്പെടുകയും ചെയ്തു. നിയമപ്രകാരം സിംഗിൾ ടെണ്ടർ അനുവദിക്കാനും എസ്റ്റിമേറ്റേ തുകയേക്കാൾ കൂടുതൽ തുക അംഗീകരിക്കാനും കഴിയാത്തതിനാൽ എം.എൽ.എയും പഞ്ചായത്ത് പ്രസിഡന്റ് സജീഷ് ശശിയും വി.എൻ.വാസവനും വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം മന്ത്രി കെ.കൃഷ്ണൻകുട്ടി ഉന്നത ഉദ്യോഗസ്ഥരുമായി ആലോചിച്ച് നിബന്ധനകൾക്ക് വിധേയമായി കരാർ നടത്തിയതോടെയാണ് പദ്ധതിക്ക് ജീവൻ വച്ചത്.

 പഞ്ചായത്ത് പദ്ധതിയിൽ തുക

110 കെ.വി വൈദ്യുതി ലൈൻ വലിക്കുന്നതിനുള്ള തുക അടിയന്തിരമായി കെ.എസ്.ഇ.ബിക്ക് അടയ്ക്കേണ്ടി വന്നപ്പോൾ 2019-20 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വികസന ഫണ്ടിൽ നിന്നും തനതു ഫണ്ടിൽ നിന്നും ഫണ്ട് നൽകാൻ പഞ്ചായത്ത് തീരുമാനിച്ചെങ്കിലും ട്രഷറി നിയന്ത്രണങ്ങളെ തുടർന്ന് പൂർണമായും കൈമാറൻ സാധിച്ചില്ല. ഈ ഘട്ടത്തിൽ കെ.എസ്.ഇ.ബി ഡയറക്ടർ ബോർഡംഗം വി.ശിവദാസന്റെ ഇടപെടലിനെ തുടർന്ന് ട്രഷറി നിയന്ത്രണം തീരുന്ന മുറയ്ക്ക് പണം നൽകിയാൽ മതിയെന്നും ഉടനടി നിർമ്മാണം ആരംഭിക്കാനും നിർദേശം നൽകുകയായിരുന്നു.