കോട്ടയം : വിവാഹങ്ങൾക്കും വിനോദ സഞ്ചാരത്തിനും ഓട്ടം വിളിക്കുന്ന ആഡംബര ബസുകളുടെ, പേരിൽ മാത്രം ആഡംബരമായി ! ലോക് ഡൗൺ മൂലം സീസൺ നഷ്ടപ്പെട്ടതോടെ ജീവിതം പഞ്ചറായിരിക്കുകാണ് ഒരുകൂട്ടം തൊഴിലാളികളുടേയും ഉടമകളുടേയും. മാർച്ചിലാണ് ലോക്ക് ഡൗൺ തുടങ്ങിയതെങ്കിലും ഫെബ്രുവരി മുതൽ ടൂറിസ്റ്റ് ബസുകളുടെ ദുര്യോഗം തുടങ്ങി. സ്കൂളുകളിൽ നിന്ന് വിനോദ സഞ്ചാരകേന്ദ്രങ്ങളിലേയ്ക്ക് ഓട്ടം ബുക്ക് ചെയ്തിരുന്നെങ്കിലും കൊവിഡിന്റെ പശ്ചാത്തലത്തിൽ എല്ലാം കൂട്ടത്തോടെ കാൻസലായി. മാർച്ച് 31വരെ ടൂറുകൾക്ക് നിരോധനം ഏർപ്പെടുത്തിയതോടെ വലിയ പ്രതീക്ഷയടഞ്ഞു. വിവാഹങ്ങൾക്കൂടി മാറ്റിവച്ചതോടെ ദുരിതം പൂർത്തിയായി. ഓട്ടമില്ലാത്തതിനാൽ ഭൂരിപക്ഷം ബസ് ഉടമകളും ജി ഫോം കൊടുത്തിരിക്കുകയാണ്.

അറ്റകുറ്റപ്പണിക്ക് വേണം ലക്ഷങ്ങൾ

ജി ഫോം കൊടുത്തതോടെ നികുതിയിൽ ഇളവ് ലഭിക്കുമെങ്കിലും ബാറ്ററിയും ടയറും സെൻസറുകളും അടക്കം നശിച്ച് ലക്ഷങ്ങളുടെ അറ്റകുറ്റപ്പണിയ്ക്കുള്ള വകകൂടിയായി. ജി ഫോം കാലയളവിൽ ബസ് അനക്കാൻ കഴിയില്ല. ജി.പി.എസ് സംവിധാനമുള്ളതിനാൽ വണ്ടികൾ നീങ്ങിയാൽ അറിയാൻ കഴിയും. ഈ സാഹചര്യത്തിൽ ഒന്നും വയ്യാത്ത അവസ്ഥയിലാണ് ഉടമകൾ. ഏപ്രിൽ, മേയ്, ജൂൺ എന്നീ മൂന്ന് മാസത്തെ നികുതി പൂർണമായും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും 20 ശതമാനം ഇളവ് നൽകാനാണ് സർക്കാർ തീരുമാനം. സർക്കാർ പ്രഖ്യാപിച്ച 5000 രൂപയുടെ സഹായവും എല്ലാ തൊഴിലാളികൾക്കും ലഭിക്കില്ല.

ഉടമകളുടെ ആവശ്യങ്ങൾ

കാർഡുള്ള എല്ലാ തൊഴിലാളികൾക്കും ധനസഹായം നൽകുക

ത്രൈമാസ നികുതി പൂർണമായും ഒഴിവാക്കുക

സ്റ്റേജ് കാര്യേജുകൾക്കുള്ള പ്രത്യേക പെർമിറ്റ് ഒഴിവാക്കുക

വാഹന വായ്പ തവണകൾക്ക് പലിശരഹിത മോറട്ടോറിയം

'' മേഖല അത്രയ്ക്ക് പ്രതിസന്ധിയിലാണ്.ഈ വർഷം മുഴുവൻ നഷ്ടമായി. വിവാഹ ഓട്ടത്തിനും മറ്റും അഡ്വാൻസ് തന്നവരും തിരിച്ചു വാങ്ങിച്ചു. ഇനി അറ്റകുറ്റപ്പണി നടത്താതെ വാഹനങ്ങൾ നിരത്തിലിറക്കാൻ കഴിയില്ല''

മനോജ് കൈമൾ, സെക്രട്ടറി, കോൺട്രാക്ട്

കാര്യേജ് ഓപ്പറേറ്റേഴ്സ് അസോ.