അടിമാലി: അഗ്നി സുരക്ഷാ ജീവനക്കാർ ഒരു ചെറിയ ആവശ്യം ഉന്നയിക്കാൻ തുടങ്ങിയിട്ട് നാളേറെയായി, പക്ഷെ പരിഹാരം ഇനിയുമായിട്ടില്ല. അടിമാലിഫയർഫോഴ്‌സ് യൂണിറ്റിന് കുടിവെള്ള സംവിധാനമൊരുക്കി നൽകണമെന്ന ആവശ്യമാണ് പ്രാവർത്തികമാകാത്തത്. അടിമാലിയിൽ ഫയർഫോഴ്‌സ് യൂണിറ്റ് പ്രവർത്തനമാരംഭിച്ചിട്ട് വർഷങ്ങളായെങ്കിലും യൂണിറ്റിലെ ജീവനക്കാർക്കാവശ്യമായ ശുദ്ധജലസംവിധാനം ഇപ്പോഴും അപ്രാപ്യമാണ്.യൂണിറ്റിനോട് ചേർന്ന കരിങ്കുളത്തു നിന്നും വെള്ളം ശേഖരിച്ചാണ് ഫയർഫോഴ്‌സ് വാഹനങ്ങളിലേയ്ക്ക് ഉപയോഗിക്കുന്നുണ്ട്. .പക്ഷെ കുടിക്കാനും ഭക്ഷണം പാകം ചെയ്യാനും ഈ വെള്ളം ഉപയോഗ യോഗ്യമല്ല.ഫയർഫോഴ്‌സ് യൂണിറ്റിന് സ്വന്തമായി കിണറുണ്ടെങ്കിലും ചെളി നിറഞ്ഞ വെള്ളമാണുള്ളത്.അയൽ വീടുകളിൽ നിന്നെത്തിക്കുന്ന വെള്ളമാണ് കുടിക്കാനും ഭക്ഷണം പാകം ചെയ്യാനും ഇപ്പോൾ ജീവനക്കാർ ഉപയോഗിക്കുന്നത്.എല്ലാ ദിവസവും പത്തിനടുത്ത ജീവനക്കാർ യൂണിറ്റിൽ ഡ്യൂട്ടിയിലുണ്ടാകും.ദിവസം മുഴുവൻ ജോലി ചെയ്യുന്നതിനാൽ ഭക്ഷണം തയ്യാറാക്കാതിരിക്കാൻ ജീവനക്കാർക്ക് നിർവ്വാഹമില്ല.യൂണിറ്റിൽ ശുദ്ധജലമെത്തിച്ചാൽ ഭക്ഷണം പാകം ചെയ്യാനും കുടിവെള്ളത്തിനും ജീവനക്കാർ നേരിടുന്ന ബുദ്ധിമുട്ടിന് പരിഹാരമാകും.പക്ഷെ അത് നടക്കുന്നില്ലെന്ന് മാത്രം