prathi

കോട്ടയം : ആവശ്യം അറിയിച്ചാൽ മതി. 'സാധനം' കാറിൽ വീട്ടുപടിക്കൽ എത്തിച്ചു നൽകും. പക്ഷെ, എക്സൈസ് വിവരം മണത്തറിഞ്ഞതോടെ നീണ്ടൂർ ഓണംതുരുത്ത് ആയിരവേലി മാമ്മൂട്ടിൽ വീട്ടിൽ സരുൺ സന്തോഷിനും (23), നീണ്ടൂർ ഓണംതുരുത്ത് സിനി ഭവനിൽ ഷൈമോനും (35) കച്ചവടം കൊഴുപ്പിക്കാനായില്ല. ഇവരിൽ നിന്ന് വാറ്റും തമിഴ്നാട്ടിൽ നിന്നുള്ള വിദേശ മദ്യവും പിടിച്ചെടുത്തു. നീണ്ടൂർ, കൈപ്പുഴ, പ്രാവട്ടം മേഖലകളിൽ രണ്ടാഴ്ചയിലേറെയായി വൻതോതിൽ വിദേശമദ്യം വിൽക്കുന്നതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഇന്നലെ വൈകിട്ടോടെ നീണ്ടൂരിന് സമീപത്ത് മദ്യവുമായി എത്തിയ പ്രതികളെ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ടി.വി ദിവാകരൻ, സ്‌ക്വാഡ് പ്രിവന്റീവ് ഓഫിസർ ഫിലിപ്പ് തോമസ്, കെ.എൻ സുരേഷ്, എക്‌സൈസ് ഇൻസ്‌പെക്ടർ ട്രെയിനിമാരായ നിധിൻ തോമസ്, സിജോ വർഗീസ്, എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് പ്രിവന്റീവ് ഓഫീസർമാരായ കെ.രാജീവ്, റെജി കൃഷ്ണ, സിവിൽ എക്‌സൈസ് ഓഫീസർ നെജീബ്, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ അഞ്ജു പി.എസ് , ഡ്രൈവർ വിനോദ് എന്നിവർ ചേർന്നു പിടികൂടുകയായിരുന്നു.