വൈക്കം : ലോക്ക് ഡൗണിനെ തുടർന്ന് കക്ക കയറിപ്പോകാത്തതിനാൽ കക്കാവാരൽ തൊഴിലാളികളും കക്ക സഹകരണസംഘങ്ങളും കടുത്ത പ്രതിസന്ധിയിൽ. തൊഴിലാളികൾ വാരിയ ടൺ കണക്കിന് കക്ക കായലോരങ്ങളിലും വീട്ടുപരിസരങ്ങളിലും കുന്നുകൂടിയിരിക്കുകയാണ്. വ്യാവസായിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന കക്ക ഇതര സംസ്ഥാനങ്ങളിലേയ്ക്കാണ് കയറ്റി അയച്ചിരുന്നത്.

കക്കയേക്കാളും വില കുറഞ്ഞ അസംസ്‌കൃതവസ്തുകൾ വ്യവസായ സ്ഥാപനങ്ങൾ ഇറക്കുമതി ചെയ്യുന്നതും പരമ്പരാഗത വ്യവസായ മേഖലയെ പ്രതികൂലമായി ബാധിക്കുന്നു. കൃഷി നിലങ്ങളിൽ പുളിപ്പു കുറയ്ക്കാനായി നീറ്റു കക്ക ഇടുന്നതിനായി ചൂളക്കാർ കുറഞ്ഞ അളവിൽ കക്ക കൊണ്ടു പോകുന്നുണ്ട്. സർക്കാരിനു റോയൽറ്റിയും മറ്റു നികുതികളും നൽകിയാണ് സഹകരണ സംഘങ്ങൾകക്ക സംഭരിച്ച് വിപണനം ചെയ്യുന്നത്. ശക്തിയേറിയ മോട്ടോർ ഉപയോഗിച്ചു കായലിൽ നിന്ന് അനധികൃതമായി കക്ക വാരുന്ന സ്വകാര്യ ലോബികളെ അധികൃതർ നിയന്ത്രിക്കുന്നില്ലെന്നും കക്കാ സഹകരണ സമിതി ഭാരവാഹികൾ പറയുന്നു.

വിലയിങ്ങനെ

20 കിലോ വരുന്ന ഒരു പാട്ട വലിയ കക്ക : 68

രണ്ട്, മൂന്ന് തരങ്ങൾക്ക് : 63, 60

മഴ കനത്തു, അളവിലും കുറവ്

പുലർച്ചെ മുതൽ ഉച്ചയോളം കായലിൽ പണിതാൽ ഏഴെട്ട് പാട്ടകക്കയാണ് ഒരു തൊഴിലാളിക്ക് ലഭിക്കുന്നത്.കക്ക പുഴുങ്ങി ലഭിക്കുന്ന ഇറച്ചി വിറ്റ് ദൈനംദിന കാര്യങ്ങൾ കഷ്ടിച്ചു നടത്തിയാണ് തൊഴിലാളി കുടുംബങ്ങൾ കഴിഞ്ഞു വരുന്നത്. മഴ കനത്തതോടെ കായലിൽ ഉപ്പിന്റെ അളവു കുറഞ്ഞതോടെ ഇപ്പോൾ വാരിയെടുക്കുന്ന കക്കയുടെ ഇറച്ചിയുടെ അളവിലും കുറവുണ്ടായി. മുമ്പ് പത്ത് പാട്ടകക്ക പുഴുങ്ങിയാൽ 16 കിലോ ഇറച്ചി ലഭിച്ചിരുന്നത് ഇപ്പോൾ 10 കിലോയായി കുറഞ്ഞു. വലിപ്പമേറിയ കക്ക ഇറച്ചി കലോയ്ക്ക് 80 രൂപയും ചെറുതിന് 35 രൂപയുമാണ് വില.

കക്ക കയറി പോകാതെ കെട്ടിക്കിടക്കുന്നതും കക്ക ഇറച്ചിയുടെ വിലക്കുറവും തൊഴിലാളികളെ പട്ടിണിയിലാക്കുകയാണ്. വാരിക്കൂട്ടിയ കക്ക വിപണനം ചെയ്യുന്നതിന് സർക്കാർ നടപടി സ്വീകരിക്കണം.

കക്കാ സഹകരണ സംഘം ഭാരവാഹികൾ