കോട്ടയം: ദുരിഭിമാനക്കൊലയ്ക്ക് ഇരയായ കെവിന്റെ ഓർമ്മകൾക്ക് ഇന്ന് രണ്ടുവയസ്. 2018 മേയ് 27നാണ് ബന്ധുവായ അനീഷിന്റെ മാന്നാനത്തെ വീട് ആക്രമിച്ച് പ്രതികൾ നട്ടാശേരി പ്ലാത്തറയിൽ കെവിൻ.പി. ജോസഫിനെ (24) തട്ടിക്കൊണ്ടുപോയത്. പിറ്റേന്ന് രാവിലെ പുനലൂർ ചാലിയേക്കര തോട്ടിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. തെൻമല സ്വദേശിനി നീനുവിനെ പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ വൈരാഗ്യത്തിൽ ബന്ധുക്കൾ കൊലപ്പെടുത്തുകയായിരുന്നു. പ്രതികളായ നീനുവിന്റെ സഹോദരൻ അടക്കം 10 പേർക്ക് കോടതി ഇരട്ട ജീവപര്യന്തം വിധിച്ചിരുന്നു. രണ്ടുവർഷം പിന്നിടുമ്പോഴും കെവിന്റ കണ്ണീരോർമകളിൽ നിന്ന് കുടുംബം മുക്തമായിട്ടില്ല. വീടെന്ന സ്വപ്നം യാഥാർത്ഥ്യമാകുമ്പോഴും ഇപ്പോഴും പ്ലാത്തറയിൽ കുടുംബത്തെ നയിക്കുന്നത് കെവിന്റെ ഓർമകൾ തന്നെ. രണ്ടാം വാർഷികദിനത്തിൽ മാതാപിതാക്കളായ ജോസഫും മേരിയും കൊവിഡ് പ്രതിരോധത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകും.