കോട്ടയം: കൊവിഡിനിടയിൽ ബർത്ത്ഡേ ആഘോഷിക്കാൻ കൂട്ടുകാരുമൊത്ത് എത്തി മൂന്നിലവിലെ ഇല്ലക്കൽകല്ലിൽ കട്ടിക്കയത്തിൽ കുളിക്കാനിറങ്ങവേ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം ഇന്ന് രാവിലെ എട്ടുമണിയോടെ കണ്ടെത്തി. കോട്ടയം മാന്നാനം വേലംകുളം നാലാങ്കൽ ഷാജിയുടെ മകൻ അനന്തുവിന്റെ (20) മൃതദേഹമാണ് മേലുകാവ് പൊലീസും നാട്ടുകാരും ചേർന്ന് കണ്ടേെത്തിയത്. എസ്.ഐ ലതിമോന്റെ നേതൃത്വത്തിൽ മൃതദേഹം പുറത്തെടുത്ത് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
പോസ്റ്റുമോർട്ടത്തിനുശേഷം ഉച്ചയോടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. അപകടം നടന്ന സ്ഥലത്തുനിന്ന് 150 അടിയോളം താഴെയാണ് മൃതദേഹം കിടന്നിരുന്നത്. കുമരകം എസ്.എൻ കോളേജ് ട്രാവൽ ആന്റ് ടൂറിസം ഒന്നാംവർഷ വിദ്യാർത്ഥിയാണ് അനന്തു. ബർത്ത്ഡേ ആഘോഷിക്കാൻ കോളേജിലെ നാല് കൂട്ടുകാരുമൊപ്പമാണ് ഇന്നലെ വൈകുന്നേരം കാറിൽ ഇല്ലിക്കൽകല്ലിൽ എത്തിയത്. അഞ്ചുമണിയോടെയാണ് ഇവർ കുളിക്കാനായി പുഴയിൽ ഇറങ്ങിയത്. കഴിഞ്ഞദിവസങ്ങളിൽ പെയ്ത കനത്ത മഴയെതുടർന്ന് പുഴയിൽ ഒഴുക്ക് ശക്തമായിരുന്നു. പുഴയിൽ ഇറങ്ങിയ അനന്തു കയത്തിൽ അകപ്പെടുകയായിരുന്നു. കൂട്ടുകാരുടെ നിലവിളിയെതുടർന്ന് നാട്ടുകാർ എത്തി തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് മേലുകാവ് പൊലീസും ഫയർഫോഴ്സും എത്തി രാത്രി ഏഴുവരെ തെരച്ചിൽ നടത്തിയെങ്കിലും ഫലം നിരാശാജനകമായിരുന്നു. കഴിഞ്ഞവർഷവും കോട്ടയം സ്വദേശിയായ യുവാവ് ഇവിടെ ഒഴുക്കിൽപ്പെട്ട് മുങ്ങിമരിച്ചിരുന്നു. ലതയാണ് (ഷീല) അനന്തുവിന്റെ അമ്മ.