കോട്ടയം: ലോക്ക് ഡൗൺ കാലത്ത് സന്തോഷും ഷൈമോനും കൈകോർത്തു. ചാരായനിർമാണം കുടിൽ വ്യവസായമാക്കി. സമ്പാദിച്ചത് ലക്ഷങ്ങൾ. അവസാനം എക്സൈസിന്റെ പിടിയിലായി. ഓണംതുരുത്ത് ആയിരവേലി മാമ്മൂട്ടിൽ സരുൺ സന്തോഷ് (23), സിനിഭവനിൽ ഷൈമോൻ (36) എന്നിവരെയാണ് ഏറ്റുമാനൂർ എക്സൈസ് സി.ഐ ടി.വി ദിവാകരനും സംഘവും ചേർന്ന് അറസ്റ്റ് ചെയ്തത്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.
രാത്രികാലങ്ങളിലാണ് വീടിന് സമീപമുള്ള പുരയിടത്തിൽ ഇവർ ചാരായം വാറ്റിയിരുന്നത്. പകൽ വില്പനയും. ഐ20 കാറിലായിരുന്നു ചാരായവില്പന. ഒരു ലിറ്ററിന് 3,000 രൂപ വിലയ്ക്കാണ് ചാരായം വിറ്റിരുന്നത്. കൂടാതെ തമിഴ്നാട്ടിൽ നിന്ന് വിദേശമദ്യം എത്തിച്ചും ഇവർ ബിസിനസ് കൊഴുപ്പിച്ചിരുന്നു. 450 രൂപയ്ക്ക് തമിഴ്നാട്ടിൽ ലഭിച്ചിരുന്ന താഴ്ന്നതരം ബ്രാണ്ടി 2500 രൂപയ്ക്കാണ് വിറ്റിരുന്നത്. സന്തോഷിന്റെ കാർ എത്തുന്നതും കാത്ത് ആളുകൾ കാത്തുനിന്നിരുന്നു.
വിവരം എക്സൈസ് അറിഞ്ഞതോടെ വിതരണ കേന്ദ്രങ്ങൾ മാറ്റിയെങ്കിലും കൈയോടെ പൊക്കുകയായിരുന്നു. ഏഴു കുപ്പി ചാരായവും രണ്ടു കുപ്പി തമിഴ്നാട് ബ്രാണ്ട് ബ്രാണ്ടിയും പിടിച്ചെടുത്തു. ഇന്നലെ സന്ധ്യയോടെയാണ് ഇവരെ കെണിയിൽപ്പെടുത്തിയത്. എക്സൈസിനെ കണ്ട് ഇവർ കാറിന്റെ വേഗത കൂട്ടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിന്തുടർന്ന് പിടിക്കുകയായിരുന്നു. ലോക്ക് ഡൗൺ തുടങ്ങിയതിന്റെ പിറ്റെദിവസം മുതൽ ഇവർ ചാരായം വാറ്റാൻ തുടങ്ങിയിരുന്നതായി പ്രതികൾ എക്സൈസിനോട് പറഞ്ഞു. പ്രിവന്റീവ് ഓഫീസർ ഫിലിപ്പ് തോമസ്, നിധിൻ, സിജോ വർഗീസ് എന്നിവരും സി.ഐയ്ക്കൊപ്പം ഉണ്ടായിരുന്നു.