സാമൂഹിക അകലം പാളി,വൻ തിരക്ക്
കോട്ടയം : ബാറുകളിലെയും ബിവറേജസ് കോർപ്പറേഷൻ ചില്ലറ വില്പന ശാലയിലെയും ക്യൂ നിയന്ത്രിക്കാൻ സർക്കാർ കൊണ്ടുവന്ന ബെവ് ക്യൂ ആപ്പ് പൊല്ലാപ്പായി. മദ്യവില്പന ആരംഭിച്ച ആദ്യ ദിവസം ബാറുകൾക്കും ബിവറേജസ് കോർപ്പറേഷനും മുന്നിൽ കൊവിഡ് നിയന്ത്രണങ്ങൾ കാറ്റിൽപ്പറത്തി വൻതിരക്കായിരുന്നു.
ഇന്നലെ രാവിലെ 9 മുതലാണ് മദ്യവിതരണം ആരംഭിച്ചത്. ബിവറേജസ് കോർപ്പറേഷന്റെ 36 ചില്ലറ വില്പനശാലകൾ വഴിയും, 12 സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ ഔട്ട് ലൈറ്റുകൾ വഴിയും, 56 ബാറുകൾ വഴിയുമായിരുന്നു മദ്യവില്പന.
നഗരമദ്ധ്യത്തിലെ പല ബാറുകൾക്ക് മുന്നിലും പൊലീസെത്തിയാണ് തിരക്ക് നിയന്ത്രിച്ചത്.
ആപ്ലിക്കേഷനിൽ നിന്ന് കിട്ടിയ രസീതുമായി ബാറുകളിൽ എത്തിയ പലർക്കും തങ്ങൾക്കു ആവശ്യമുള്ള ബ്രാൻഡ് ലഭിച്ചില്ലെന്ന പരാതിയുണ്ട്. ടോക്കണുമായി എത്തിയവർക്ക് മദ്യം ലഭിക്കാത്ത സംഭവവും ഉണ്ടായി. ഇത് തർക്കത്തിനുമിടയാക്കി. ബാറുകളിലും ബിവറേജുകളിലും എത്തുന്നവരെ തെർമ്മൽ സ്‌കാനർ ഉപയോഗിച്ച് പരിശോധിച്ചിരുന്നു.
ടോക്കൺ കിട്ടാൻ കാത്തുനിൽപ്പ്
ബിവറേജസ് കോർപ്പറേഷൻ ചില്ലറ വില്പനശാലയ്‌ക്ക് മുന്നിൽ ഇന്നലെ രാവിലെ ആളുകൾ കാത്തുനിന്നത് ടോക്കൺ വാങ്ങുന്നതിനായിരുന്നു. നഗരത്തിൽ അലഞ്ഞു തിരിഞ്ഞ് നടക്കുന്നവരിൽ പലരും ഫോണുമായി സ്ഥാനം പിടിച്ചു. ഒടുവിൽ ജീവനക്കാർ തന്നെ ഇവരുടെ ഫോണുകളിൽ നിന്ന് മദ്യം ബുക്ക് ചെയ്‌തു നൽകി.
പ്രശ്‌നങ്ങൾ ഇങ്ങനെ
ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ ഒറ്റതവണ പാസ്‌വേഡ് ലഭിച്ചില്ല
ടോക്കൺ ബുക്ക് ചെയ്‌തവർക്ക് അടുത്തുള്ള മദ്യശാല ലഭിച്ചില്ല
മദ്യശാലയും സമയവും തിരഞ്ഞെടുക്കാനുള്ള സൗകര്യമില്ലായിരുന്നു