കോട്ടയം : മെഡിക്കൽ കോളേജ് വളപ്പിലെ ഒന്നര ഏക്കറോളം വരുന്ന സ്വാഭാവികവനം വെട്ടി നശിപ്പിച്ച് പുതിയ ബ്ലോക്ക് നിർമ്മിക്കാൻ വീണ്ടും നീക്കം. മെഡിക്കൽ കോളേജ് ഗാന്ധിനഗർ - അമ്മഞ്ചേരി റോഡ് ജംഗ്ഷനിലെ പ്രധാന ഗെയിറ്റിനോട് ചേർന്ന ഭാഗത്തെ വനത്തിലാണ് വീണ്ടു കോടാലിക്കൈ ഉയർത്താൻ നീക്കം ആരംഭിച്ചിട്ടുള്ളത്. വർഷങ്ങൾക്കു മുമ്പ് ഡെന്റൽ കോളേജിനായി വനം വെട്ടി മാറ്റാൻ നീക്കം നടന്നിരുന്നു, പരിസ്ഥിതി പ്രവർത്തകരുടെയും കേരളകൗമുദിയുടെയും ശക്തമായ ഇടപെലിനെ തുടർന്ന് അധികൃതർ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. പുതിയ ബ്ലോക്ക് നിർമാണത്തിന് സർക്കാർ ഫണ്ട് അനുവദിച്ചതോടെയാണ് വനം നശിപ്പിക്കാനുള്ള നീക്കം അണിയറയിൽ നടക്കുന്നത്.
120 ഏക്കർ തരിശുഭൂമിയുണ്ടായിട്ടും
120 ഏക്കറോളം തരിശുഭൂമി മെഡിക്കൽ കോളേജിന് സ്വന്തമായുണ്ട്. ഇവിടെ മരച്ചീനി കൃഷിയ്ക്ക് പാട്ടത്തിന് നൽകിയിരിക്കുകയാണ്. സാമൂഹ്യവിരുദ്ധരുടെ കേന്ദ്രമായ ഇവിടം കെട്ടിട നിർമ്മാണത്തിന് അനുയോജ്യമായിട്ടും ബന്ധപ്പെട്ടവർ താത്പര്യം കാണിക്കുന്നില്ല.
ജൈവവൈവിദ്ധ്യങ്ങളുടെ കലവറ
മെഡിക്കൽ കോളജിലും പരിസരത്തും ശുദ്ധവായുവും ഓക്സിസിജനും വിതരണം ചെയ്യുന്ന ഒന്നര ഏക്കറോളം വരുന്ന സ്വാഭാവിക വനം നിറയെ പുറ്റുകൾ നിറഞ്ഞ ജൈവവൈവിദ്ധ്യങ്ങളുടെ കലവറയാണ്. തേക്കും, ഈട്ടിയും ഉൾപ്പെടെ വില പിടിപ്പുള്ള വൻ മരങ്ങളും പേരറിയാത്ത വൻ വൃക്ഷങ്ങളും ഇവിടെയുണ്ട്. വംശനാശം വന്നുകൊണ്ടിരിക്കുന്ന മരംകൊത്തി ഉൾപ്പെടെയുള്ള പക്ഷികളുടെ സങ്കേതമാണിത്.
''
സ്വാഭാവിക വനം വെട്ടി നശിപ്പിച്ച് കെട്ടിടം പണിയാനുള്ള നീക്കത്തിൽ നിന്ന് പിന്തിരിയണം. പരിസ്ഥിതി വിരുദ്ധ നീക്കത്തിനെതിരെ മുഖ്യമന്ത്രിക്കും കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിനും പരാതി നൽകും. ശക്തമായ പ്രക്ഷോഭ പരിപാടികൾ ആരംഭിക്കും''
ഇസ്കഫ് ജില്ലാ കമ്മിറ്റി