പൊൻകുന്നം: ഒരു മണ്ടനെ തപ്പി നടക്കുകയാണ് ചിറക്കടവ് പഞ്ചായത്തിലുള്ളവർ. 20 അംഗങ്ങളുള്ള ഗ്രാമപഞ്ചായത്ത് ഭരണസമിതിയിലെ ഭരണപക്ഷത്തെ ഒരംഗമാണ് ഈ മണ്ടൻ എന്നുമാത്രം ഒരു ക്ലൂ കിട്ടിയിട്ടുണ്ട്. കണ്ടുപിടിച്ചില്ലെങ്കിൽ എല്ലാ അംഗങ്ങൾക്കും അതു നാണക്കേടാകും.
സംഗതി ഇതാണ്: ഡൽഹി ആസ്ഥാനമായ ഒരു സംഘടന ലോക്ക് ഡൗൺ കാലത്ത് പഞ്ചായത്തിലെ പാവങ്ങൾക്ക് വിതരണം ചെയ്യാനായി ഭക്ഷ്യവസ്തുക്കളടങ്ങിയ കുറെ കിറ്റുകൾ പ്രസിഡന്റിനെ ഏല്പിച്ചു. സംഘടനയുടെ സഹായത്തോടെ പ്രസിഡന്റ് അതെല്ലാം വിതരണം ചെയ്തു. കിറ്റുകൾ തങ്ങളുടെ വാർഡുകളിൽ കിട്ടിയില്ലെന്നും ഭരണകക്ഷി അംഗങ്ങളുടെ വാർഡുകളിൽ മാത്രമാണ് കിറ്റ് വിതരണം ചെയ്തതെന്നും പ്രതിപക്ഷം ആരോപിച്ചു. ഈ കാരണം പറഞ്ഞ് സാമൂഹിക അകലം പാലിച്ച് അവർ ഒരു മുട്ടൻ സമരവും തുടങ്ങി. കീരിയും പാമ്പും പോലിരുന്ന കോൺഗ്രസും ബി.ജെ.പിയും ചേർന്നായിരുന്നു സമരം. മാസ്‌ക് വെച്ച് അവ്യക്തമായ മുദ്രാവാക്യം വിളിച്ച് സമരം മൂത്തപ്പോൾ പ്രസിഡന്റ് പറഞ്ഞു: ഭരണപക്ഷത്തെ ഒരു മണ്ടന്റെ വാക്കുകേട്ടാണ് ഈ സമരം എന്ന്. അപ്പോൾ തുടങ്ങിയതാണ് മണ്ടനെ കണ്ടുപിടിക്കാനുള്ള അന്വേഷണം. ഭരണപക്ഷത്ത് ആകെ 9 പേരാണ്. അതിൽ പ്രസിഡന്റ് അടക്കം മൂന്നുപേർ വനിതകൾ. മണ്ടിയുടെ വാക്ക് എന്നു പറയാത്തതുകൊണ്ട് വനിതകൾ രക്ഷപ്പെട്ടു. ശേഷിക്കുന്ന ആറുപേരിൽ ഒരാൾ വൈസ് പ്രസിഡന്റും. പ്രസിഡന്റിന്റെ അടുത്ത ആളായതിനാൽ മണ്ടന്മാരുടെ ലിസ്റ്റിൽ താനില്ലെന്ന് അദ്ദേഹം സ്വയം പ്രഖ്യാപിച്ചു. മറ്റൊരാൾ ത്രിതല പഞ്ചായത്തിന്റെ മൂന്നു ഘടകങ്ങളിലും അംഗവും ബ്ലോക്ക്ഗ്രാമ പഞ്ചായത്തുകളിൽ പ്രസിഡന്റുമായിരുന്നു. താനും മണ്ടനല്ലെന്ന് അദ്ദേഹവും തറപ്പിച്ചു പറഞ്ഞു. പിന്നെയുള്ളത് നാലുപേരാണ്. ഈ നാലുപേരിൽ നിന്നുവേണം മണ്ടനെ കണ്ടെത്താൻ. അതിനുള്ള തത്രപ്പാടിലാണ് പ്രതിപക്ഷം. തിരിച്ചും മറിച്ചും ആലോചിച്ചിട്ടും ആളെ കണ്ടെത്താൻ കഴിയാഞ്ഞ പ്രതിപക്ഷം പ്രസിഡന്റിനോട് ചോദിക്കുന്നത് ഇതു മാത്രമാണ്: ഒന്നുകിൽ ആ മണ്ടന്റെ പേരു പറയണം. അല്ലെങ്കിൽ ഒരു ക്ലൂ കൂടി തരണം. പ്ലീസ് .....