വൈക്കം : സുഭിക്ഷകേരളം പദ്ധതിയിലൂടെ വൈക്കം നഗരസഭ ഭക്ഷ്യ - സ്വയം പര്യാപ്തതയിലേക്ക്. പദ്ധതിയുടെ ഭാഗമായി നഗരാതിർത്തിയിൽ 40 ഹെക്ടർ സ്ഥലത്ത് നെൽകൃഷി ചെയ്യുന്നതിന് നഗരസഭ രൂപരേഖ തയാറാക്കി. നഗരസഭയിലെ മുഴുവൻ വീടുകളിലും പയർ, തക്കാളി, വഴുതന, വെണ്ട തുടങ്ങി വിവിധയിനം പച്ചക്കറി തൈകൾ വിതരണം ചെയ്യും.അടുക്കളത്തോട്ടം നിർമ്മാണത്തിനായി വിവിധ തരം പച്ചക്കറി വിത്തുകളും ജൈവവളവും, ജൈവ കീടനാശിനികളും, കൃഷി ഉപകരണങ്ങളും ഉൾപ്പെടെ 75 ശതമാനം സബ്സിഡിയോട് കൂടി നഗരത്തിലെ 26 വാർഡികളിലും നൽകും. നഗരസഭ ചെയർമാൻ ബിജു വി കണ്ണേഴത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന നിരീക്ഷണ സമിതി യോഗത്തിൽ വികസന കാര്യ കമ്മിറ്റി ചെയർമാൻ ആർ.സന്തോഷ് പദ്ധതി വിശദീകരിച്ചു. വൈസ് ചെയർമാൻ എസ്.ഇന്ദിരാദേവി, എൻ.അനിൽ ബിശ്വാസ്, പി.ഹരിദാസ്, ഡോ.എൻ.കെ.ശശിധരൻ, ഡോ.നിർമ്മലാ പ്രിയദർശിനി, ബിൻസി മാത്യു, സിന്ധു, സൗമ്യ ജനാർദ്ദനൻ, ലീല കടമ്മാട്ട്, രോഹിണിക്കുട്ടി അയ്യപ്പൻ, സംഗീത.കെ.ആർ എന്നിവർ പങ്കെടുത്തു.
കർഷകർക്ക് കൈതാങ്ങ്
ക്ഷീരമേഖലയുമായി ബന്ധപ്പെട്ട് പാൽ ഉത്പാദനം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി 50 ശതമാനം സബ്സിഡി നിരക്കിൽ കറവപ്പശുക്കളെ നൽകും. മുട്ടത്താറാവ്, മുട്ടക്കോഴി എന്നിവയും സബ്സിഡി നിരക്കിൽ നൽകും. മത്സ്യ സമ്പത്ത് വർദ്ധിപ്പിക്കുന്നതിനായി ജനകീയ മത്സ്യകൃഷി പടുതാക്കുളം, ശുദ്ധ മത്സ്യകൃഷി എന്നിവ വ്യാപിക്കും.