പാലാ: നഗരസഭയേയും മീനച്ചിൽ പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന ചെത്തിമറ്റം കളരിയാമാക്കൽ കടവ് പാലത്തിന് മാണി.സി.കാപ്പൻ എം.എൽ.എയുടെ ഇടപെടലോടെ ശാപമോക്ഷമാകുന്നു. ആറുമാസത്തിനുള്ളിൽ പാലത്തിന് അപ്രോച്ച് റോഡ് നിർമ്മിക്കുമെന്ന് എം.എൽ.എ അറിയിച്ചു. ചെത്തിമറ്റം, കിഴപറയാർ ഭാഗങ്ങളിൽ അപ്രോച്ച് റോഡ് ഇല്ലാതെയാണ് അഞ്ചു വർഷം മുമ്പ് പാലം നിർമ്മാണം പൂർത്തിയാക്കിയത്. നഷ്ടപരിഹാരം നൽകി അപ്രോച്ച് റോഡ് നിർമ്മാണത്തിനായി സ്വകാര്യ വ്യക്തികളിൽ നിന്ന് സ്ഥലം ഏറ്റെടുക്കാനുള്ള നടപടികളും എങ്ങുമെത്തിയില്ല. പാലത്തിനൊപ്പം ചെക്കുഡാമും നിർമ്മിച്ചിരുന്നു. ജലസേചന വകുപ്പാണ് 7.5 മീറ്റർ വീതിയിലും 75 മീറ്റർ നീളത്തിലും പാലം നിർമ്മിച്ചത്. പാലം പ്രയോജനമില്ലാതെ കിടക്കുന്നത് മാണി.സി.കാപ്പൻ എം.എൽ.എ മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രദ്ധയിൽപ്പെടുത്തിയതോടെയാണ് അപ്രോച്ച് റോഡ് നിർമ്മാണത്തിനുള്ള നടപടിക്രമങ്ങൾ വേഗത്തിലായത്. എം.എൽ.എയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും കളരിയാമ്മാക്കൽ കടവ് പാലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.
നടപടിക്രമങ്ങൾ തുടങ്ങി
അപ്രോച്ച് റോഡ് നിർമ്മാണത്തിന് ആവശ്യമായ സ്ഥലം നഷ്ടപരിഹാരം നൽകി ഏറ്റെടുക്കാനുള്ള നടപടിക്രമങ്ങൾക്കും തുടക്കം കുറിച്ചതായി എം.എൽ.എ അറിയിച്ചു.
പാലാ ആർ.ഡി.ഒ എം. റ്റി. അനിൽകുമാർ സ്ഥലത്തെത്തി നടപടിക്രമങ്ങൾക്കു തുടക്കം കുറിച്ചു. മീനച്ചിൽ പഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സിക്കുട്ടി കുര്യാക്കോസ്, പാലാ നഗരസഭാ കൗൺസിലർമാരായ അഡ്വ. ബിനു പുളിക്കക്കണ്ടം, പ്രസാദ് പെരുമ്പള്ളിൽ, പഞ്ചായത്തു മെമ്പർ വിനോദ് വേരനാനി, എബി.ജെ.ജോസ്, ജോയി മൂക്കൻതോട്ടം, കണ്ണൻ പാലാ എന്നിവരും പൊതുമരാമത്ത് റവന്യൂ പഞ്ചായത്ത് വകുപ്പുകളുടെ ഉദ്യോഗസ്ഥരും എം.എൽ.എയോടൊപ്പം ഉണ്ടായിരുന്നു.
കളരിയാമ്മാക്കൽ കടവ് പാലം
വീതി: 7.5 മീറ്റർ
നീളം: 75 മീറ്റർ