bevarage
അടിമാലി കൺസ്യൂമർ ഫെഡിന്റെ മദ്യശാല യിൽനിന്ന് മദ്യം ലഭിച്ച ആൾ കുപ്പി ഉയർത്തിക്കാട്ടുന്നു

അടിമാലി/ തൊടുപുഴ : ഏറെ ബുദ്ധിമുട്ടി, കഷ്ടപ്പെട്ട് ഒടുവിൽ കുപ്പി കിട്ടിയതിന്റെ ,വേശത്തിലാണ.മദ്യപർ. കൊവിഡിന്റെ വരവോടെ മദ്യത്തിന്റെ വിതരണത്തിലുണ്ടായ തടസങ്ങൾക്ക് താൽക്കാലിക ആശ്വാസമാണ് ലഭിച്ചത്. ആദ്യ ദിനം തന്നെ മദ്യം ലഭിച്ചതിന്റെ സന്തോഷം ചിലർ പങ്ക് വച്ചു.ആപ്പ് വഴി ലഭിച്ച ക്യൂആർ കോഡുമായി രാവിലെ തന്നെ മദ്യശാലകൾക്കു മുമ്പിൽ പലരും ഇടംപിടിച്ചു.കൗണ്ടർ തുറക്കാൻ ഒരൽപ്പം വൈകിയതോടെ അക്ഷമരായി നിൽപ്പാരംഭിച്ചു.കൗണ്ടർ തുറന്നതോടെ നിര രൂപം കൊണ്ടു.കിട്ടിയതെങ്ങനെ ഒറ്റക്ക് കഴിക്കുമെന്ന സങ്കടം ചിലർക്കുണ്ട്.ആപ്പുപയോഗിച്ചാൽ മദ്യം കിട്ടുമെന്നറിയാമെങ്കിലും ആപ്പെങ്ങനെ ഉപയോഗിക്കണമെന്നറിയാത്ത ചിലരും രാവിലെ ഒരു ഭാഗ്യപരീക്ഷണത്തിനെത്തി.ആപ്പില്ലാതെ കാര്യം നടക്കില്ലെന്നറിഞ്ഞതോടെ നിരാശയോടെ മടക്കം.കൊവിഡ് കാലമാണെന്ന ബോധ്യം എല്ലാവർക്കും ഉണ്ട്.നിർദ്ദേശങ്ങൾ ഉൾക്കൊണ്ട് കൊണ്ട് സാമൂഹ്യ അകലം പാലിച്ചായിരുന്നു കാത്ത് നിൽപ്പ്. പരമാവധി മൂന്ന് ലിറ്റർവരെ ലഭിക്കുമെന്നതിനാൽ ഷെയറിട്ട് വാങ്ങിയവരാണ്ഏറെയും. നാല് ദിവസം കഴിഞ്ഞേ ഇനി തങ്ങൾക്ക് കിട്ടൂ എന്നതിനാൽ ഒരു കരുതൽ എന്നവണ്ണം കുപ്പി സൂക്ഷിച്ചവരുമുണ്ട്. ആപ്പിൽലൂടെ ലഭിക്കുന്ന അറിയിപ്പിൽ പറയുന്ന മദ്യവിതരണ സ്ഥലത്ത് മര്യാദക്കാരായി, സർക്കാരിനെ സാമ്പത്തിക പ്രതിസന്ധിയിൽ പിടിച്ച് നിർത്തുന്നതിൽ ഭാഗഭാക്കാകുന്നതിന്റെ അഹങ്കാരമൊന്നുമില്ലാതെയാണ് വരിവരിയായി നിന്ന് ഇഷ്ടമദ്യം വാങ്ങിയത്. അത്യാവശ്യക്കാരല്ലെങ്കിലും പുതിയ സംവിധാനത്തിലൂടെ നടക്കുന്ന മദ്യവിതരണത്തിൽ കൗതുകംപൂണ്ട് ക്യൂവിൽ വന്ന്ചേർന്നവരും ഉണ്ടായിരുന്നു. ഏറെ നാളുകൾക്ക് ശേഷം ബാർ കൗണ്ടറും ബിവറേജസ് ഷോറൂമുമൊക്കെ തുറക്കാനായതിൽ ജീവനക്കാരും ആഹ്ളാദത്തിലായിരുന്നു.