കോട്ടയം : ജില്ലയിൽ മൂന്നുപേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രോഗ ബാധിതരുടെ എണ്ണം 19 ആയി. എല്ലാവരും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ചങ്ങനാശേരി വെരൂർ സ്വദേശിയായ 29 കാരനാണ് രോഗം സ്ഥിരീകരിച്ചത്. 17 നാണ് ഇയാൾ അബുദാബിയിൽ നിന്നെത്തിയത്. ഗാന്ധിനഗറിലെ ക്വാറന്റൈൻ കേന്ദ്രത്തിലായിരുന്നു. 19 ന് സൗദി അറേബ്യയിലെ ദമാമിൽ നിന്നെത്തിയ കൊടുങ്ങൂർ സ്വദേശിയായ 27കാരിയ്ക്കും, മാമ്മൂട് സ്വദേശിനിയായ 29കാരിയുമാണ് ഇന്നലെ രോഗം സ്ഥിരീകരിച്ച മറ്റ് രണ്ടുപേർ. മേയ് 12ന് എത്തിയ മാമ്മൂട് സ്വദേശിനി 13 ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രസവിച്ചു. ആദ്യ പരിശോധനാ ഫലം നെഗറ്റീവായിരുന്നതിനെത്തുടർന്ന് 19 ന് ഡിസ്ചാർജ്ജ് ചെയ്തു. രണ്ടാമത്തെ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. തുടർന്ന് വീണ്ടും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.