ഏറ്റുമാനൂർ : വെള്ളച്ചാട്ടത്തിൽ കുളിക്കുന്നതിനിടെ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മാന്നാനം നല്ലാങ്കൽ വീട്ടിൽ ഷാജിയുടെ മകൻ അനന്തു ഷാജിയുടെ (20) മൃതദേഹമാണ് ഇന്നലെ രാവിലെ 7.30 ഓടെ കട്ടിക്കയം വെള്ളച്ചാട്ടത്തിന് സമീപത്തു നിന്ന് കണ്ടെത്തിയത്. നാല് സുഹൃത്തുക്കളോടൊപ്പം കാറിലാണ് അനന്തു വെള്ളച്ചാട്ടം കാണാനെത്തിയത്. ഒഴുക്കിൽപ്പെട്ട മൂന്നുപേരെ നാട്ടുകാർ രക്ഷപ്പെടുത്തിയിരുന്നു.
പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ ഇല്ലിക്കൽക്കല്ലിന് സമീപമാണ് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. പ്രധാന റോഡിൽ നിന്ന് ദുർഘടമായ പാതയിലൂടെ ഒരു കിലോമീറ്ററിലധികം സഞ്ചരിച്ച് വേണം ഇവിടെയെത്താൻ. വെള്ളച്ചാട്ടത്തിലേക്ക് ഇറങ്ങണമെങ്കിൽ 100 അടിയിലധികം താഴ്ചയുള്ള ചെങ്കുത്തായ പാറക്കെട്ടുകളിലൂടെ പുൽ പടർപ്പുകൾ നിറഞ്ഞ വഴിയിലൂടെ ഇറങ്ങണം. മുൻപും പലരും ഇവിടെ മുങ്ങി മരിച്ചിട്ടുണ്ട്. ഇൻക്വസ്റ്റിന് ശേഷം കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി. സംസ്‌കാരം നടത്തി. മാതാവ്: ഷീബ, സഹോദരി: അപർണ.