pic

കോട്ടയം: കൊവിഡ് രോഗികളുടെ എണ്ണം കൂടിവരുന്നതോടെ കോട്ടയം അതീവ ജാഗ്രതയിൽ തുടരുന്നു. വിദേശരാജ്യങ്ങളിൽ നിന്ന് എത്തിയ മൂന്നു പേർക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചതോടെ കരുതലോടെയാണ് ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും നീങ്ങുന്നത്. സമ്പർക്കത്തിലൂടെ രോഗം പടരാത്തത് ജില്ലയ്ക്ക് ആശ്വാസമായി.അതേസമയം ചങ്ങനാശേരി ഹോട്ട്സ്പോട്ട് ആയി പ്രഖ്യാപിച്ചു. നഗരസഭ ഒന്ന്, 21 വാർഡുകളാണ് ഹോട്ട്സ്പോട്ട് ലിസ്റ്റിൽപ്പെട്ടത്. വാഴപ്പള്ളി, പെരുന്ന ഭാഗങ്ങളാണ് ഹോട്ട്സ്പോട്ടായത്. ഇതോടെ ഇടവഴികൾ പോലും ബാരിക്കേഡ് സ്ഥാപിച്ച് യാത്രാ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. പൊലീസിനെയും ഡ്യൂട്ടിക്കിട്ടിട്ടുണ്ട്.

അബുദാബിയിൽ നിന്ന് എത്തിയ വെരൂർ സ്വദേശി (29), സൗദി അറേബ്യയിൽ നിന്ന് എത്തിയ കൊടുങ്ങൂർ സ്വദേശി (27), മാമ്മൂട് സ്വദേശിനി (29) എന്നിവർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഇവർ ക്വാറന്റീനിലായിരുന്നു.ഗർഭിണിയായിരുന്ന മാമ്മൂട് സ്വദേശിനി ഇന്നലെ പ്രസവിച്ചു. ആദ്യം പരിശോധനാഫലം നെഗറ്റീവ് ആയിരുന്നുവെങ്കിലും പ്രസവത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ പോസിറ്റീവ് ആവുകയായിരുന്നു. ഇവരെയെല്ലാം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി കൊവിഡ് വാർഡിൽ പ്രവേശിപ്പിച്ചു. ഇതോടെ ആശുപത്രിയിൽ കഴിയുന്നവരുടെ എണ്ണം 19 ആയി. കഴിഞ്ഞദിവസങ്ങളിൽ രണ്ടു പേർക്ക് വീതമാണ് കൊവിഡ് ബാധിച്ചത്.

ലോക്ക്ഡൗണിൽ അയവ് വരുത്തിയതോടെ ജില്ല സാധാരണ നിലയിലേക്ക് മാറിക്കഴിഞ്ഞു. എന്നാൽ സ്വകാര്യ ബസുകൾ കൂടുതലായി നിരത്തിലെത്തിയിട്ടില്ല. ഓട്ടോറിക്ഷകൾ കൂടുതലായി ഓടിത്തുടങ്ങി. ഗ്രാമപ്രദേശങ്ങളിലെ ഓട്ടോസ്റ്റാന്റുകളിൽ ഓട്ടോകൾ യാത്രക്കാരെ പ്രതീക്ഷിച്ച് കിടന്നിരുന്നു. എന്നാൽ യാത്രപോവാൻ യാത്രക്കാർ പേരിനുമാത്രമാണുണ്ടായിരുന്നത്. ബസുകളിലും ആളുകൾ കുറവാണ്.