കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് വളപ്പിലെ ഒന്നര ഏക്കറോളം വരുന്ന സ്വാഭാവിക വനം വെട്ടി നശിപ്പിച്ച് പുതിയ ബ്ലോക്ക് നിർമിക്കാനുള്ള നീക്കം ജില്ലാ ട്രീ അതോറിറ്റിയുടെ അനുമതിയില്ലാതെ.
മരങ്ങൾ വെട്ടുന്നതിന് അനുമതി തേടിയെങ്കിലും പല അംഗങ്ങളും എതിർക്കുകയായിരുന്നു.വിഷയം ആശുപത്രി വികസന സമിതിയിൽ ചർച്ച ചെയ്തു സമന്വയത്തിലൂടെ പരിഹാരമുണ്ടാക്കണമെന്നും പുതുതായി നിർമിക്കുന്ന കെട്ടിടത്തിന്റെ പ്ലാനും സ്കെച്ചും കൈമാറണമെന്നും ജില്ലാ ട്രീ അതോറിറ്റി ആവശ്യപ്പെട്ടെങ്കിലും ഇതെല്ലാം അവഗണിച്ചു.
മെഡിക്കൽ കോളേജിലും പരിസരത്തും ശുദ്ധവായുവും ലഭിക്കാനുതകുന്ന സ്വാഭാവിക വനം ജൈവ വൈവിദ്ധ്യ കലവറയാണ് . വില പിടിപ്പുള്ള ഒട്ടേറെ വൻ മരങ്ങൾ വനത്തിലുണ്ട്. കേരളകൗമുദി നേരത്തെ നൽകിയ വാർത്തയെ തുടർന്ന് വിവിധ പരിസ്ഥിതി സംഘടനകളും വ്യക്തികളും രംഗത്തെത്തിയിട്ടുണ്ട്.
കോട്ടയം മെഡിക്കൽ കോളേജിലെ സ്വാഭാവിക വനം വെട്ടി നശിപ്പിക്കാനുള്ള നീക്കവുമായി അധികൃതർ മുന്നോട്ടു പോവുകയാണ്. വനം നശിപ്പിച്ചുള്ള കെട്ടിട നിർമാണത്തെ എതിർക്കും
സുരേഷ് കുറുപ്പ് എം.എൽ.എ
കേന്ദ്രത്തിന് പരാതി നൽകി
കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് പരാതി നൽകി. നൂറ്റി ഇരുപത് ഏക്കറോളം വരുന്ന തരിശ് നിലം ബാക്കി കിടക്കുമ്പോൾ സ്വാഭാവിക വനപ്രദേശം തന്നെ വെട്ടിനിരത്തി ആശുപത്രി നവീകരിക്കണമെന്ന വാശി അംഗീകരിക്കാൻ കഴിയില്ല. യുവജന സംഘടനകളും പരിസ്ഥിതി പ്രവർത്തകരും ജനകീയ പ്രക്ഷോഭം ഉയർത്തി പച്ചകെട്ടു സമരം നടത്തിയാണ് നേരത്തേ വന നശീകരണ നീക്കം തടഞ്ഞത്. ശക്തമായ പ്രക്ഷോഭ പരിപാടികൾ വീണ്ടും ആരംഭിക്കും
പ്രശാന്ത് രാജീവ്, സംസ്ഥാന ജനറൽ സെക്രട്ടറി, ഇസ്കഫ്
അതി ശക്തമായി എതിർക്കും
മെഡിക്കൽ കോളേജ് വളപ്പിലെ സ്വാഭാവിക വനം വെട്ടി നശിപ്പിച്ച് കെട്ടിട പണിയുന്നതിനെ ജില്ലാ ട്രീ അതോറിറ്റി യോഗത്തിൽ എതിർത്തിരുന്നു. പ്ലാനും സ്കെച്ചും നൽകണമെന്ന് ആവശ്യപ്പെട്ടിട്ടും ഇതുവരെ നൽകിയിട്ടില്ല .ട്രി അതോറിറ്റിയെ മറികടന്ന് മരം വെട്ടാനുള്ള നീക്കവുമായ് അധികൃതർ മുന്നോട്ടു പോവുകയാണെന്നറിയുന്നു. മരം വെട്ടി കെട്ടിടം പണിയാനാണ്
നീക്കമെങ്കിൽ ശക്തമായി എതിർക്കും.
കെ.ബിനു,
ജില്ലാ ട്രീ അതോറിറ്റി അംഗം.