കോട്ടയം: അയർക്കുന്നത് വീട് ആക്രമിച്ച് കവർച്ച നടത്തിയ തമിഴ്‌സംഘത്തിലെ രണ്ടു പേർക്ക് 22 വർഷം കഠിന തടവും ഒന്നരലക്ഷം രൂപ പിഴയും ശിക്ഷ. ശിവഗംഗ സ്വദേശിയായ സെൽവരാജ് (50), രാമനാട് സ്വദേശിയായ രാജ്കുമാർ (22) എന്നിവരെയാണ് അഡീഷണൽ സെഷൻസ് കോടതി രണ്ട് ജഡ്ജി ജോൺസൺ ജോൺ ശിക്ഷിച്ചത്. സംഭവ സ്ഥലത്തു നിന്ന് സ്വർണമാലയുമായി രക്ഷപ്പെട്ട പ്രധാന പ്രതിയായ തമിഴ്‌നാട് സ്വദേശി അരുൺ രാജിനെ ഇനിയും പിടികൂടാൻ സാധിച്ചിട്ടില്ല.
2017 ജൂൺ ഏഴിന് അർദ്ധരാത്രി നീറിക്കാട് ചേനയ്ക്കൽ ഭാഗത്ത് ഇടപ്പള്ളിയിൽ
കുഞ്ഞുമോനെയും ഭാര്യ ശോഭന കുമാരിയെയും വീട്ടിൽ കയറി ആക്രമിക്കുകയും ശോഭനകുമാരിയുടെ സ്വർണമാല പൊട്ടിച്ചെടുക്കുകയും ചെയ്ത കേസിലാണ് ശിക്ഷ. ആക്രമണത്തിൽ കുഞ്ഞുമോന്റെ വാരിയെല്ലുകൾ പൊട്ടിയിരുന്നു.
അയർക്കുന്നം എസ്.ഐ പി.എസ് ഷാജൻ, ഈസ്റ്റ് എസ്.ഐ ആയിരുന്ന യു.ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. അയർക്കുന്നം എസ്.ഐ ആയിരുന്നു വി.എസ് അനിലാണ് കുറ്റപത്രം സമർപ്പിച്ചത്. ഇതേ ദിവസം തന്നെ പ്രതികൾ നീറിക്കാട് ഭാഗത്തുള്ള റോയിയുടെ ഭാര്യയുടെ സ്വർണമാല കവർന്നിരുന്നു. ഈ കേസിൽ തിരുവനന്തപുരം സെൻട്രൽ ജയിലിൽ പ്രതികൾ ശിക്ഷ അനുഭവിച്ചു വരികയാണ്. പ്രോസിക്യൂഷനു വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടർ അഡ്വ.കെ.ജിതേഷ്, അഭിഭാഷകരായ ജോബിൻ മാത്യു, ലിജോ കുര്യൻ ജോസ്, ആശ രഞ്ജിത്ത് എന്നിവർ കോടതിയിൽ ഹാജരായി.