കോട്ടയം: ബെവ് ക്യൂ ആപ്പ് പൊളിഞ്ഞതോടെ നിയന്ത്രണങ്ങളെല്ലാം ലംഘിച്ച് ബാറുകളിൽ മദ്യവിൽപ്പന തകൃതി. ടോക്കണില്ലാതെ എത്തിയവർക്കും സുലഭമായി മദ്യം ലഭിച്ചു. എന്നാൽ വില കുറഞ്ഞ ബ്രാൻഡുകൾ തികഞ്ഞില്ല.
വ്യാഴാഴ്‌ചയാണ് ബിവറേജസ് ഷോപ്പുകൾ വഴിയും ബാറുകൾ വഴിയും സംസ്ഥാനത്ത് മദ്യവിൽപ്പന ആരംഭിച്ചത്. ആദ്യ ദിവസം ടോക്കൺ ലഭിക്കുകയും കൃത്യമായി മദ്യം വിതരണം ചെയ്യാൻ സാധിക്കുകയും ചെയ്‌തു. എന്നാൽ, ഇന്നലെ ആപ്ലിക്കേഷൻ പ്രവർത്തനക്ഷമമല്ലാതെ വന്നതോടെയാണ് സ്ഥിതി ഗുരുതരമായത്. രാവിലെ മുതൽ 'ആപ്പി"ൽ കയറി നോക്കിയ പലർക്കും ടോക്കൺ ലഭിച്ചില്ല. എസ്.എം.എസും കാര്യമായി പ്രവർത്തിച്ചില്ല.
അതോടെയാണ് ബാറുകളിലേയ്ക്ക് ജനം ഒഴുകിയത്. ടോക്കൺ ലഭിച്ചവർക്കേ ബാറിലേയ്‌ക്കു പ്രവേശനം ഉള്ളൂ എന്ന് അറിയിച്ചിരുന്നെങ്കിലും ജില്ലയിലെ പല ബാറുകളിലും നിയന്ത്രണം ഉണ്ടായിരുന്നില്ല. ആർക്കും കയറാം, ആർക്കും വാങ്ങാം എന്ന സ്ഥിതിയായിരുന്നു. ഇതിനിടെ പലയിടത്തും മദ്യം ആവശ്യത്തിന് സ്റ്റോക്ക് ഇല്ലെന്ന പരാതിയും ഉയർന്നു. ജനപ്രിയ ബ്രാൻഡുകൾക്കാണ് ക്ഷാമം അനുഭവപ്പെട്ടത്. ടോക്കൺ ലഭിക്കാത്തതിനാൽ ബിവറേജുകളിൽ തിരക്കില്ലായിരുന്നു.
ബിവറേജിൽ 8, ബാറിൽ 20 ലക്ഷം
ചങ്ങനാശേരിയിലെ ബിവറേജസ് കോർപ്പറേഷന്റെ ചില്ലറ വിൽപ്പനശാലയിൽ ലോക്ക് ഡൗണിനു മുമ്പുള്ള പ്രതിദിന വിൽപ്പന 30 ലക്ഷം രൂപയുടേതായിരുന്നു. എന്നാൽ മദ്യ വിൽപ്പന ആരംഭിച്ച ആദ്യ ദിനം ആകെ വിറ്റു പോയത് എട്ടു ലക്ഷം രൂപയ്ക്കു മാത്രമാണ്. ഇതു തന്നെയായിരുന്നു കോട്ടയത്തെയും സ്ഥിതി. . എന്നാൽ, പല ബാറുകളിലും വിൽപ്പന 20 ലക്ഷം രൂപയ്‌ക്കു മുകളിലേയ്‌ക്ക് ഉയർന്നു.