വെച്ചൂർ : അതിജീവനത്തിന്റെ പാതയിൽ കേരളം ഭക്ഷ്യ സ്വയംപര്യാപ്തത ലക്ഷ്യമിടുമ്പോൾ കർഷകർക്ക് നീറുന്ന കാഴ്ചയായി അപ്പർകുട്ടനാട്ടിലെ തരിശുപാടങ്ങൾ. വെച്ചൂർ പഞ്ചായത്തിലെ ഇടയാഴത്ത് അറുപത് ഏക്കർ വരുന്ന കട്ടപ്പുറം പാടശേഖരം തരിശ് കിടക്കാൻ തുടങ്ങിയിട്ട് രണ്ട് പതിറ്റാണ്ടായി. വൻകിടക്കാർ വലിയതോതിൽ പാടങ്ങൾ വാങ്ങിക്കൂട്ടിയ കാലത്താണ് കട്ടപ്പുറം പാടശേഖരവും കർഷകരിൽ നിന്ന് കൈമാറ്റം ചെയ്യപ്പെട്ടത്. ഏക്കറിന് ഇരുപത്തിയഞ്ച് ക്വിന്റൽ വരെ നെല്ല് വിളഞ്ഞിരുന്ന കട്ടപ്പുറത്ത് പിന്നീട് കൃഷിയിറക്കിയിട്ടില്ല. ഇതിനിടെ പാടശേഖരം മണ്ണിട്ട് നികത്താനും ശ്രമമുണ്ടായി.എന്നാൽ നാട്ടുകാർ എതിർത്തതോടെ ഭൂമാഫിയ പിൻതിരിയുകയായിരുന്നു. കൃഷി ഓഫീസിന്റെ തൊട്ടടുത്താണ് പാടശേഖരം. സമീപത്ത് തന്നെയുള്ള മുരിയശ്ശേരി പാടശേഖരത്തിലും ഇന്ന് നെൽകൃഷിയില്ല. പാടശേഖരം നികന്ന് തെങ്ങിൻ തൈകൾ നിറഞ്ഞു.
ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ നെൽകൃഷി വ്യാപകമാക്കണം. ഈ സാഹചര്യത്തിൽ പാടശേഖരം തരിശിടുന്നത് നീതികരിക്കാനാവില്ല. കട്ടപ്പുറം പാടശേഖരത്തിൽ കൃഷിയിറക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് റവന്യൂ, കൃഷി, ഗ്രാമപഞ്ചായത്ത് അധികൃതർക്ക് നിവേദനം നൽകിയിട്ടുണ്ട്.
സി.എസ്.രാജു
(സി.പി.ഐ എംഎൽ റെഡ് ഫ്ലാഗ് ജില്ലാ സെക്രട്ടറി)