ചങ്ങനാശേരി: മീൻ കയറ്റിവന്ന ടെമ്പോവാൻ മതിൽ ഇടിച്ചുതകർത്ത ശേഷം റോഡിലേക്ക് മറിഞ്ഞു. മലപ്പുറം സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. വാൻ ഓടിച്ചിരുന്ന മുഹമ്മദ് റാഫി (32), സഹായി അബ്ദുൾ റഹ്മാൻ (38) എന്നിവർക്കാണ് പരിക്കേറ്റത്. എം.സി റോഡിൽ തുരുത്തി ഫൊറോനാ പള്ളിക്കു സമീപം വെള്ളിയാഴ്ച്ച ഉച്ചകഴിഞ്ഞ് രണ്ടിനാണ് സംഭവം. പന്തളത്ത് മീൻ ഇറക്കിയ ശേഷം തിരികെ ഏറ്റുമാനൂരിലേക്ക് മടങ്ങവേയാണ് അപകടം. റോഡരികിലെ കെ.എസ്.ടി.പിയുടെ വഴിവിളക്ക് സ്ഥാപിച്ചിരിക്കുന്ന തൂണും വാഹനം തകർത്തു. പരിക്കേറ്റ ഇരുവരേയും ചെത്തിപ്പുഴ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.