പാലാ: അഞ്ചു പ്രധാനമന്ത്രിമാരുടെ സുരക്ഷാ ചുമതലയിൽ തിളങ്ങിയ കരിമ്പൂച്ച തന്റെ പഴയ തട്ടകമായ നീന്തൽക്കുളത്തിലേക്ക് മടങ്ങിവരുന്നു. എസ്.പി.ജിയിലും സി.ആർ.പി.എഫിലും ദീർഘകാലം സേവനം അനുഷ്ഠിച്ച നീന്തൽ താരം ടി.ജെ. ജേക്കബ് ശ്രീനഗറിലെ ഡി.ഐ.ജി പദവിയിൽ നിന്ന് നാളെ പടിയിറങ്ങുകയാണ്. പാലായ്ക്ക് മടങ്ങിവരുന്ന ജേക്കബ് തോപ്പൻസ് സ്വിമ്മിംഗ് അക്കാഡമിയിൽ പരിശീലകനായി വിശ്രമജീവിതം മുന്നോട്ടു കൊണ്ടുപോകും. പ്രധാനമന്ത്രിമാരായിരുന്ന വാജ്‌പേയി, മൻമോഹൻ സിംഗ്, പി.വി.നരസിംഹറാവു, ദേവഗൗഡ, ഐ.കെ. ഗുജ്‌റാൾ എന്നിവരുടെ സുരക്ഷാ ചുമതല വഹിച്ചിരുന്ന എസ്.പി.ജി ഗ്രൂപ്പിലെ എ.ഐ.ജിയായിരുന്നു ജേക്കബ്. സോണിയാ ഗാന്ധിയുടെയും രാഹുൽഗാന്ധിയുടെയും സുരക്ഷാ ചുമതലയും വഹിച്ചിട്ടുണ്ട്. മികച്ച സേവനത്തിനുള്ള അമ്പതോളം പൊലീസ് മെഡലുകളും ലഭിച്ചു.
പാലായിലെ പ്രശസ്ത നീന്തൽ കുടുംബമായ തോപ്പൻസിലെ റിട്ട. അദ്ധ്യാപക ദമ്പതികളായ ജോസഫിന്റെയും ശോശാമ്മയുടെയും മകനാണ് ജേക്കബ്. 1978ൽ 100, 200 മീറ്റർ ജൂനിയർ ബട്ടർഫ്‌ളൈ സ്‌ട്രോക്കിൽ നാഷണൽ റെക്കാഡോടെ സ്വർണവും, അന്തർ സർവകലാശാല മീറ്റിൽ തുടർച്ചയായി രണ്ടു വർഷം വ്യക്തിഗത ചാമ്പ്യനും ആയതോടെയാണ് സി.ആർ.പി.എഫിൽ സബ് ഇൻസ്‌പെക്ടറായി ജോലി ലഭിക്കുന്നത്. ധാരാളം സ്വർണമെഡലുകൾ സേനയ്ക്കായി അദ്ദേഹം നേടിക്കൊടുത്തു. ജി.വി.രാജാ അവാർഡും ലഭിച്ചിരുന്നു.1990 ൽ അസി. കമൻഡാന്റ് ആയി ഷില്ലോംഗിൽ നിയമിതനായി. രണ്ടു വർഷത്തിനു ശേഷം 1992 ൽ ഡെപ്യൂട്ടേഷനിൽ പ്രധാനമന്ത്രിമാരുടെ സുരക്ഷാ ചുമതലയുള്ള സ്‌പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് ഡൽഹിയിലെത്തി. 2009 ന് ശേഷം സി.ആർ.പി.എഫിൽ തിരിച്ചെത്തി. 2011 ൽ ജാർഖണ്ഡിൽ നടന്ന മാവോയിസ്റ്റ് വേട്ടയിൽ പങ്കെടുക്കുകയും നിരവധിപേരെ പിടികൂടുകയും ചെയ്തിരുന്നു.
ഇന്റീരിയർ ഡിസൈനറായ മൂന്നിലവ് കണ്ടത്തിൽ റാണി ജേക്കബ് ആണ് ഭാര്യ. ബംഗളൂരുവിൽ എൻജിനിയറായ ജസ്റ്റിനും ഡൽഹിയിൽ വിദ്യാർത്ഥിയായ ഡെന്നിസും മക്കളാണ്. ഡോ. റിയ ജസ്റ്റിനാണ് മരുമകൾ. നീന്തൽ കോച്ചുമാരായ സിറിയക്, തോമസ്, ജോയി, മാത്യു എന്നിവരാണ് സഹോദരങ്ങൾ.
നീന്തലിൽ ലഭിച്ച ബഹുമതികൾ
1979 മുതൽ 12 വർഷം അഖിലേന്ത്യാ പൊലീസ് മീറ്റിൽ ചാമ്പ്യൻ
1979 ലെ ഇൻഡോ- ശ്രീലങ്ക- ബംഗ്ളാദേശ് മത്സരത്തിൽ വെങ്കലം
1980 ൽ ദേശീയ നീന്തലിൽ 200 മീറ്റർ ബട്ടർഫ്ളൈ, 200, 400 മീറ്റർ സ്വർണം
1982 ലെ ഏഷ്യൻ ഗെയിംസിൽ 400 മീറ്റർ മെഡ്‌ലേയിൽ ഫൈനലിലെത്തി
1984 ൽ സൗത്ത് ഏഷ്യൻ ഫെഡ. ഗെയിംസിൽ 200 മി.ബട്ടർഫ്‌ളൈയിൽ വെള്ളി
1984 ൽ സോളിൽ ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു