lift
തകരാറിലായ ലിഫ്റ്റ്.

അടിമാലി: താലൂക്കാശുപത്രിയിൽ തകരാറിലായ ലിഫ്റ്റ് സംവിധാനം പ്രവർത്തനക്ഷമമാക്കാൻ നടപടിയായില്ല. നൂറുകണക്കിന് രോഗികൾ ദിവസവും ചികത്സതേടിയെത്തുന്ന ആശുപത്രിയിലെ ലിഫ്റ്റ് തകരാറിലായിട്ട് ഒരാഴ്ച്ചയോടടുക്കുയാണ്.പ്രവർത്തനക്ഷമമല്ലാതായി തീർന്ന ലിഫ്ടിന്റെ തകരാർ പരിഹരിക്കുന്നകാര്യത്തിൽ വന്നിട്ടുള്ള കാലതാമസം ഏറെ ബുദ്ധിമുട്ടുകൾക്ക് ഇടവരുത്തുന്നു.ദിവസങ്ങൾക്ക് മുമ്പ് വൃദ്ധദമ്പതികളാണ് തകരാറിലായ ലിഫ്ടിനുള്ളിൽ കുടുങ്ങിയത്.തുടർന്ന് ഫയർഫോഴ്‌സെത്തി ലിഫ്റ്റ് പൊളിച്ച് ഇവരെ പുറത്തെത്തിച്ചു.സംഭവം നടന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും ലിഫ്റ്റ് പൂർവ്വസ്ഥിതിയിലാക്കുന്ന കാര്യത്തിൽ നടപടി ഉണ്ടായിട്ടില്ല.ഇതാദ്യമായല്ല അടിമാലി താലൂക്കാശുപത്രിയുടെ ലിഫ്റ്റ് പണിമുടക്കുന്നത്.മുമ്പും സമാനരീതിയിൽ ലിഫ്ടിനുള്ളിൽ ആളുകൾ കുടുങ്ങിയിട്ടുണ്ട്.ഗുണനിലവാരമില്ലാത്ത ലിഫ്ടാണ് ആശുപത്രിക്കുള്ളിൽ സ്ഥാപിച്ചിട്ടുള്ളതെന്ന പരാതി നിർമ്മാണകാലയളവ് മുതൽ നിലനിൽക്കുന്നതാണ്.ലക്ഷങ്ങൾ മുടക്കി പണി പൂർത്തീകരിച്ച ആശുപത്രി കെട്ടിടത്തിനുള്ളിൽ റാമ്പ് നിർമ്മിച്ചിട്ടില്ല.ഇക്കാരണം കൊണ്ടു തന്നെ ലിഫ്റ്റ് പണിമുടക്കിയാലുടൻ അവശരോഗികളെ ചുമന്ന് മുകളിലെത്തിക്കേണ്ട സാഹചര്യവും സംജാതമാകും.റാമ്പില്ലാത്ത കെട്ടിടമെന്ന നിലയിൽ ഒരു ലിഫ്ട് കൂടി അധികമായി സ്ഥാപിക്കണമെന്ന രോഗികളുടെ ആവശ്യത്തിനും ബന്ധപ്പെട്ടവർ നാളിതുവരെ ചെവികൊടുത്തിട്ടില്ല.