കോട്ടയം: ജില്ലയിൽനിന്ന് 1464 അന്യ സംസ്ഥാന തൊഴിലാളികൾ കൂടി പശ്ചിമ ബംഗാളിലേക്ക് മടങ്ങി. ബെർഹാംപോർ കോർട്ടിലേയ്ക്കുള്ള ട്രെയിൻ ഇന്നലെ വൈകിട്ട് 4.10ന് പുറപ്പെട്ടു. ഇതോടെ ജില്ലയിൽനിന്ന് വിവിധ സംസ്ഥാനങ്ങളിലേക്ക് മടങ്ങിയ തൊഴിലാളികളുടെ എണ്ണം 6021 ആയി.

കോട്ടയം- 350, ചങ്ങനാശേരി- 350, വൈക്കം- 214, മീനച്ചിൽ- 350, കാഞ്ഞിരപ്പള്ളി-200 എന്നിങ്ങനെയാണ് മടങ്ങിയ തൊഴിലാളികളുടെ താലൂക്ക് അടിസ്ഥാനത്തിലുള്ള കണക്ക്. ഇവിടങ്ങളിൽനിന്ന് 44 കെ.എസ്.ആർ.ടി.സി ബസുകളിലായാണ് തൊഴിലാളികളെ കോട്ടയം റെയിൽവേ സ്റ്റേഷനിൽ എത്തിച്ചത്. ജില്ലാ പൊലീസ് മേധാവി ജി. ജയദേവ്, എ.ഡി.എം അനിൽ ഉമ്മൻ, ആർ.ഡി.ഒ ജോളി ജോസഫ്, ഡെപ്യൂട്ടി കളക്ടർമാരായ മോൻസി അലക്‌സാണ്ടർ, ജിയോ ടി മനോജ്, തഹസിൽദാർമാർ തുടങ്ങിയവർ നടപടികൾക്ക് നേതൃത്വം നൽകി.