കോട്ടയം: കൊവിഡ് കാലത്തു നൽകിയ സേവനങ്ങളുടെ പേരിൽ ജില്ലാ കളക്ടർ പി.കെ. സുധീർബാബു, ജില്ലാ പൊലീസ് മേധാവി ജി. ജയദേവ്, ഡി.എം.ഒ. ഡോ. ജേക്കബ് വർഗീസ് എന്നിവരെ ആദരിക്കാൻ ജില്ലാ പഞ്ചായത്ത് വിളിച്ചു ചേർത്ത യോഗം കോൺഗ്രസ് ബഹിഷ്കരിച്ചതായി ആക്ഷേപം. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനത്തെച്ചൊല്ലി കേരള കോൺഗ്രസിലെ ഇരുവിഭാഗങ്ങൾ തമ്മിലുള്ള തർക്കത്തിന്റെ പശ്ചാത്തലത്തിൽ ഇതും വിവാദമായി.

നാളെ വിരമിക്കുന്ന കളക്ടർ ഉൾപ്പെടെയുള്ളവർക്ക് ജില്ലാ പഞ്ചായത്ത് കമ്മിറ്റി ഇന്നലെയാണ് സ്വീകരണമൊരുക്കിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സെബാസ്റ്റ്യൻ കുളത്തിങ്കലിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ നിന്ന് കോൺഗ്രസ് അംഗങ്ങൾ ഇറങ്ങിപ്പോവുകയും ജോസഫ് വിഭാഗം വിട്ടു നിന്നെന്നും ഇടത് അംഗങ്ങൾ പറയുന്നു. പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലിയുള്ള തർക്കത്തിലെ അതൃപ്തിയാണ് കോൺഗ്രസ് അംഗങ്ങളുടെ ഇറങ്ങിപ്പോക്കിനു പിന്നിലെന്നാണ് സൂചന. എന്നാൽ, ജില്ലാ പഞ്ചായത്ത് ഇക്കാര്യം നിഷേധിച്ചു.

ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് യോഗത്തിൽ പറഞ്ഞു. വൈസ് പ്രസിഡന്റ് ഡോ. ശോഭാ സലിമോൻ, സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാൻമാരായ സഖറിയാസ് കുതിരവേലി, ലിസമ്മ ബേബി, പെണ്ണമ്മ ജോസഫ്, മാഗി ജോസഫ്, അഡ്വ. സണ്ണി പാമ്പാടി, അംഗങ്ങളായ അഡ്വ. കെ. കെ. രഞ്ജിത്ത്, പി. സുഗതൻ, മേരി സെബാസ്റ്റ്യൻ, ജയേഷ് മോഹൻ, സെക്രട്ടറി മേരി ജോ തുടങ്ങിയവർ പ്രസംഗിച്ചു.


'ആരോപണം തെറ്റാണ്. കോൺഗ്രസ് അംഗങ്ങൾ യോഗത്തിൽ പങ്കെടുത്തിരുന്നു."

ജോഷി ഫിലിപ്പ് , ഡി.സി.സി. പ്രസിഡന്റ്